ലണ്ടന്‍:ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 28 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വിയായിരുന്നു ടീം ഇന്ത്യ വഴങ്ങിയത്. ആദ്യ ഇന്നിങ്സില്‍ 190 റണ്‍സ് സ്വന്തമാക്കിയിട്ടും രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 231 റൺസ് വിജയലക്ഷ്യം പിന്തുടരാന് ഇന്ത്യയ്ക്കായിരുന്നില്ല. കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാനാകാതെ പോയതായിരുന്നു മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ലോകത്തിന്റെ പലഭാഗത്ത് നിന്നും ഉയരുന്നത്. മത്സരത്തില്‍ ശരാശരി മാത്രമായിരുന്നു രോഹിതിന്റെ ക്യാപ്റ്റന്‍സിയെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍, രോഹിതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു ഇംഗ്ലണ്ട് താരം കൂടിയായ സ്റ്റീവ് ഹാര്മിസണ് (Steve Harmison Against Rohit Sharma).
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് രോഹിത് ശര്‍മയുടെ ക്യാപ്റ്റൻസി മികവ് ഉയര്‍ന്നില്ലെന്നാണ് സ്റ്റീവ് ഹാര്മിസണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട് വിജയത്തിന്റെ ക്രെഡിറ്റ് നായകന് ബെന്‍ സ്റ്റോക്സിന് അര്‍ഹതപ്പെട്ടതാണെന്നും മുന്‍ ഇംഗ്ലീഷ് പേസര്‍ കൂട്ടിച്ചേര്‍ത്തു.
'അവിശ്വസനീയമായ ജയമായിരുന്നു ഇത്. ഇവിടെ, ഇംഗ്ലണ്ട് ജയിക്കും എന്ന് വിശ്വസിച്ചിരുന്നത് ബെന്‍ സ്റ്റോക്സ് മാത്രമായിരുന്നു. ഇക്കാര്യം, തന്റെ ടീമിലെ പത്ത് പേരെയും വിശ്വസിപ്പിക്കാനും സ്റ്റോക്സിനായി.