പാലക്കാട്: സിപിഎമ്മിന്‍റെ എലപ്പുള്ളിയിലെ അവിശ്വാസ പ്രമേയ നീക്കം പാളി. കോൺഗ്രസ് അംഗങ്ങളും ബിജെപി അംഗങ്ങളും യോഗത്തിൽ നിന്നും വിട്ടു നിന്നതോടെയാണ് നീക്കം പരാജയപ്പെട്ടത്. കോറം തികയാതെ വന്നതോടെ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതെ തള്ളി.
ബ്രൂവറി വിഷയത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ അലയടിക്കുന്നതിനിടയിലാണ് അവിശ്വാസ പ്രമേയ നീക്കം സിപിഎമ്മിന് തിരിച്ചടിയാവുന്നത്. 22 അംഗ സഭയിൽ ഭരണപക്ഷമായ കോൺഗ്രസിന് ഒമ്പതും സിപിഎമ്മിന് എട്ടും ബിജെപിക്ക് അഞ്ചും പേരാണ് ഉള്ളത്. ആകെയുള്ള അംഗങ്ങളിൽ പകുതി പേരെങ്കിലും ഹാജരായാലേ സഭ ചേരാനാവൂ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കോറം തികയാത്തതിനാൽ സഭ ചേരാതെ പിരിഞ്ഞു. കോൺഗ്രസിൽ ചിലർ തങ്ങൾക്കൊപ്പം ചേരുമെന്നായിരുന്നു സിപിഎമ്മിൻ്റെ പ്രതീക്ഷ. അതുണ്ടായില്ല. കോൺഗ്രസ് ബിജെപി ധാരണയാണ് മറനീക്കി പുറത്തു വന്നതെന്ന് സിപിഎം ആരോപിച്ചു. അഴിമതിക്കെതിരായാണ് തങ്ങൾ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് എന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
കോൺഗ്രസും ബിജെപിയും സഖ്യമുണ്ടാക്കിയെന്നാരോപിച്ച് സിപിഎം പ്രതിഷേധ പ്രകടനം നടത്തി. മദ്യക്കമ്പനിക്ക് വേണ്ടി വാദിച്ച സിപിഎമ്മിന് ഏറ്റ തിരിച്ചടിയാണ് അവിശ്വാസപ്രമേയ നോട്ടിസിൽ ഉണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു പറഞ്ഞു. മദ്യക്കമ്പനിക്കു വേണ്ടിയാണ് സിപിഎം പഞ്ചായത്ത് ഭരണസമിതിക്കെതിരേ നീങ്ങുന്നതെന്നും അവർ പറഞ്ഞു.
കോൺഗ്രസും സിപിഎമ്മും കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കേണ്ട എന്ന പാർട്ടി തീരുമാനപ്രകാരമാണ് വിട്ടു നിന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ബ്രൂവറി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നത് എന്നും ബിജെപി ആരോപിച്ചു.
Also Read:'ഓർക്കുക, നിങ്ങളാണ് എന്‍റെ ജീവിതം നശിപ്പിച്ചത്...'; കേരളത്തെ നടുക്കിയ ചില റാഗിങ് സംഭവങ്ങള്‍...