ഹൈദരാബാദ് : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയം വേദിയായ ഹൈദരാബാദ് - ഗുജറാത്ത് ടൈറ്റൻസ് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഇരു ടീമും ഓരോ പോയിന്‍റ് പങ്കിട്ടെടുക്കുകയാണ് ഉണ്ടായത്.
ഇതോടെയാണ് 15 പോയിന്‍റുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് ഉറപ്പിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയല്‍സ് ടീമുകളാണ് നേരത്തെ പ്ലേഓഫിന് യോഗ്യത നേടിയ ടീമുകള്‍. ആദ്യ നാലില്‍ ശേഷിക്കുന്ന ഒരു സ്ഥാനത്തിന് വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ടീമുകളാണ് നിലവില്‍ മത്സരിക്കുന്നത്.
മെയ് 18ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍സിബി - സിഎസ്‌കെ മത്സരം ആയിരിക്കും പ്ലേഓഫിലെ നാലാമത്തെ ടീമിനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുക. ഈ മത്സരത്തില്‍ ചെന്നൈ ജയിച്ചാല്‍ അവര്‍ക്ക് അനായാസം തന്നെ പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്യാം. ആര്‍സിബിയാണ് മത്സരം ജയിക്കുന്നതെങ്കില്‍ നെറ്റ് റണ്‍റേറ്റ് ആയിരിക്കും നിര്‍ണായക ഘടകമാകുന്നത്.
നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 14 പോയിന്‍റും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ടീമുകള്‍ക്ക് 12 പോയിന്‍റുമാണ് ഉള്ളത്. ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ആര്‍സിബി ജയിച്ചാല്‍ അവര്‍ക്കും 14 പോയിന്‍റാകും. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ ചെന്നൈയേക്കാള്‍ ഒരുപടി താഴെയാണ് ആര്‍സിബി.
നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ആര്‍സിബിയ്‌ക്ക് ചെന്നൈയെ പിന്നിലാക്കണമെങ്കില്‍ സീസണിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് 18 റണ്‍സിന്‍റെയോ അല്ലെങ്കില്‍ റണ്‍ചേസ് ചെയ്‌ത് 18.2 ഓവറിലോ ജയിക്കണം. ഇങ്ങനെ വന്നാല്‍ മാത്രമെ ആര്‍സിബിയ്‌ക്ക് നിലവിലെ സാഹചര്യത്തില്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ചെന്നൈയെ മറികടക്കാൻ സാധിക്കൂ. ഈ മാര്‍ജിനില്‍ അല്ലാതെ ആര്‍സിബി ജയിച്ചാല്‍ ലഖ്‌നൗവിനും നേരിയ സാധ്യതയുണ്ട്.
ആര്‍സിബി ചെന്നൈയെ തോല്‍പ്പിച്ച ശേഷം ലഖ്‌നൗവിന് പ്ലേഓഫില്‍ എത്തണമെങ്കില്‍ മുംബൈ ഇന്ത്യൻസിനെതിരായ അവസാന മത്സരത്തില്‍ കൂറ്റൻ ജയം നേടേണ്ടതുണ്ട്. നിലവില്‍ നെഗറ്റീവ് റണ്‍റേറ്റാണ് ലഖ്‌നൗവിന്. മുംബൈ ഇന്ത്യൻസിന്‍റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്നാണ് കെഎല്‍ രാഹുലിന്‍റെയും സംഘത്തിന്‍റെയും നിര്‍ണായക മത്സരം.
Also Read :'ചെയ്യാനുള്ളതെല്ലാം ചെയ്‌ത് കഴിഞ്ഞാല്‍ ഞാൻ പോകും'; വിരാട് കോലിയും കളി മതിയാക്കുന്നു..? താരത്തിന് പറയാനുള്ളത് - Virat Kohli Retirement Plans