ന്യൂഡല്‍ഹി:2024 പാരിസ് ഒളിമ്പിക്‌സില്‍ ചരിത്ര വിജയം നേടിയ മനു ഭാക്കറിന്‍റെ പരിശീലനത്തിനായി ചെലവഴിച്ചത് 2 കോടി രൂപയെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ മനു ഭാക്കറിനെ അഭിനന്ദിക്കുന്നതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ജർമ്മനിയിലും സ്വിറ്റ്‌സർലൻഡിലും പരിശീലനത്തിനയച്ചതും മനു ഭാക്കറിന്‍റെ ഇഷ്‌ടാനുസരണം പരിശീലകനെ നിയമിച്ചിതിനുമെല്ലാം കൂടിയാണ് 2 കോടി രൂപ ചെലവായതെന്നും മന്ത്രി പറഞ്ഞു.
ഇത് ഒളിമ്പിക്‌സില്‍ മനു ഭാക്കറിന് മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ സഹായകമായി എന്നും മന്ത്രി പറഞ്ഞു. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതിന് എല്ലാ കായിക താരങ്ങൾക്കും ഈ സഹായം നല്‍കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.