ബാരൻക്വില്ല: കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് അര്‍ജന്‍റീനയോട് പകരം ചോദിച്ച് കൊളംബിയ. 2026 ലോകകപ്പിനായുള്ള സൗത്ത് അമേരിക്കന്‍ യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ വീഴ്‌ത്തിയത്. കൊളംബിയയിലെ ബാരൻക്വില്ലയിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
അതിഥേയര്‍ക്കായി യെർസൺ മോസ്‌ക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരും അര്‍ജന്‍റീനയ്‌ക്കായി നിക്കോളോ ഗോൺസാലസും ലക്ഷ്യം കണ്ടു. 25-ാം മിനിറ്റിൽ യെർസൺ മോസ്‌ക്വറ ആതിഥേയരെ മുന്നിലെത്തിച്ചു. 48-ാം മിനിറ്റിൽ അര്‍ജന്‍റീന മറുപടി നല്‍കി.
നിക്കോ ഗോൺസാലസ് കൊളംബിയന്‍ പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുക്കുകയായിരുന്നു. ഒടുവില്‍ 60-ാം മിനിട്ടില്‍ ജെയിംസ് റോഡ്രിഗസ് നേടിയ പെനാല്‍റ്റി ഗോളില്‍ കൊളംബിയ വിജയം ഉറപ്പിക്കുകയായിരുന്നു.
ഡാനിയൽ മുനോസിനെ നിക്കോളാസ് ഒട്ടമെൻഡി ഫൗള്‍ ചെയ്‌തതിന് വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. വിജയമാര്‍ജിന്‍ ഉയര്‍ത്താനുള്ള സുവര്‍ണാവസരം കൊളംബിയയ്‌ക്കുണ്ടായിരുന്നു. എന്നാല്‍ സ്‌ട്രൈക്കർ ജോൺ ഡുറാന് പിഴച്ചു.