ട്രിനിഡാഡ്:അഫ്‌ഗാനിസ്ഥാനെ തകർത്തെറിഞ്ഞ് ടിന്‍റി 20 ലോകകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. ട്രിനിഡാഡിലെ ബ്രയൻ ലാറ ക്രിക്കറ്റ് അക്കാദമി സ്‌റ്റേഡിയത്തിൽ നടന്ന ഒന്നാം സെമി ഫൈനലിൽ അഫ്‌ഗാനിസ്ഥാനെ തകർത്താണ് പ്രോടീസിന്‍റെ ഫൈനൽ പ്രവേശം. ഒൻപത് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്ക അഫ്‌ഗാനെ വീഴ്ത്തിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 56 റൺസിൽ പുറത്തായി. മറുപടി ബാറ്റിംഗിൽ 8.5 ഓവറിൽ ദക്ഷിണാഫ്രിക്ക ജയം കണ്ടു. ടി20 ലോകകപ്പ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനൽ പ്രവേശനമാണിത്. കലാശപോരിന് യോഗ്യത നേടാനായില്ലെങ്കിലും ആരാധകരുടെ കയ്യടികൾ വാങ്ങിയാണ് അഫ്‌ഗാന്‍റെ മടക്കം.
ഒരു ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് അഫ്‌ഗാനിസ്ഥാൻ നേടിയത്. കുഞ്ഞൻ വിജയലക്ഷ്യമായിരുന്നുവെങ്കിൽ പോലും പൊരുതാൻ ഉറച്ചായിരുന്നു അഫ്‌ഗാൻ പന്തെറിയാന്‍ ഇറങ്ങിയത്. ആദ്യ ഓവർ ബോൾ ചെയ്‌ത നവീൻ ഉൾ ഹഖ് വിട്ടുകൊടുത്തത് 1 റൺ. സ്കോർ അഞ്ചിൽ നിൽക്കെ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്‍റൺ ഡി കോക്കിനെ വീഴ്ത്താൻ അഫ്‌ഗാനായി.
എട്ട് പന്തിൽ അഞ്ച് റൺസെടുത്ത ക്വിന്‍റൻ ഡികോക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ പുറത്തായത്. ഫസൽഹഖ് ഫറൂഖിയുടെ പന്തില്‍ ഡികോക്ക് ബോൾഡാകുകയായിരുന്നു. മൂന്നാം നമ്പറിൽ എത്തിയ എയ്‌ഡൻ മാർക്രം റീസ ഹെൻഡ്രിക്‌സിനൊപ്പം ക്രീസിൽ നിലയുറപ്പിച്ചു. ഇതോടെ അഫ്‌ഗാൻ പ്രതീക്ഷകൾക്കും മങ്ങലേറ്റു. ഹെൻഡ്രിക്‌സ് 29 ഉം മാർക്രം 23 ഉം റൺസ് നേടി പുറത്താകാതെ നിന്നു. 67 പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ അനായാസ വിജയം.