ജയ്‌പൂര്‍ :ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്‍റെ എട്ടാം സെഞ്ചുറിയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ജയ്‌പൂരില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ നേടിയത്. പുറത്താവാതെ 72 പന്തുകളില്‍ നിന്നും 12 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 113 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. മൂന്നക്കത്തിലേക്ക് എത്താന്‍ 67 പന്തുകളാണ് 35-കാരന് വേണ്ടി വന്നത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി എന്ന റെക്കോർഡിനൊപ്പം ജയ്‌പൂരിലെ കോലിയുടെ പ്രകടനവും ഇടം പിടിച്ചു.
റോയല്‍ ചലഞ്ചേഴ്‌സിന്‍റെ തന്നെ താരമായിരുന്ന മനീഷ് പാണ്ഡെയായിരുന്നു നേരത്തെ 67 പന്തുകളില്‍ സെഞ്ചുറി നേടിയത്. 2009-ല്‍ സെഞ്ചൂറിയനില്‍ ഡെക്കാന്‍ ചാർജേഴ്‌സിനെതിരെ ആയിരുന്നു മനീഷ് 67 പന്തില്‍ സെഞ്ചുറി നേടിയത്. 66 പന്തുകളില്‍ സെഞ്ചുറിയിലേക്ക് എത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഡേവിഡ് വാര്‍ണര്‍, ജോസ് ബട്‌ലര്‍ എന്നിവരാണ് പിന്നിലുള്ളത്.
2010-ല്‍ ഡല്‍ഹിയില്‍ വച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ഡല്‍ഹി ഡെയർഡെവിള്‍സിനായി ആയിരുന്നു 66 പന്തില്‍ വാര്‍ണറുടെ സെഞ്ചുറി. 2011-ല്‍ മുംബൈയില്‍ വച്ച് കൊച്ചി ടസ്കേഴ്‌സിന് എതിരെ മുംബൈ ഇന്ത്യന്‍സിനായി ആയിരുന്നു സച്ചിന്‍റെ പ്രകടനം. നവി മുംബൈയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാനായി ബട്‌ലര്‍ ഇത്രയും പന്തുകളില്‍ സെഞ്ചുറി നേടിയത്.