ബെംഗളൂരു:ചിലര്‍ അങ്ങനെയാണ് ചാരത്തില്‍ നിന്നാവും ഉയിര്‍ത്തെഴുന്നേല്‍പ്പ്. ധാരാവിയിലെ ചേരിയില്‍ നിന്നും ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ സിമ്രാൻ ഷെയ്ഖിന്‍റെയും കഥ ഏറെക്കുറെ ഇതു തന്നെയാണ്. വനിതാ പ്രിമീയർ ലീഗിന്‍റെ (WPL 2025) പുതിയ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമായിരിക്കുകയാണ് സിമ്രാൻ ഷെയ്ഖ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
1.90 കോടി രൂപയ്‌ക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് മുംബൈ ഓള്‍റൗണ്ടറെ ടീമിലേക്ക് എത്തിച്ചത്. വാശിയേറിയ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു സിമ്രാനായി ഗുജറാത്തിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഏറെ കഷ്‌ടതകളോട് പടവെട്ടി വളര്‍ന്ന സിമ്രാന്‍ വനിത പ്രീമിയര്‍ ലീഗിന്‍റെ ആദ്യ സീസണില്‍ യുപി വാരിയേഴ്‌സിന്‍റെ താരമായിരുന്നു.
എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു താരം നടത്തിയത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും ആകെ നേടിയത് വെറും 29 റണ്‍സ്. ഇതോടെ ഫ്രാഞ്ചൈസി കയ്യൊഴിഞ്ഞ താരം 2024 സീസണില്‍ അണ്‍സോള്‍ഡായി. ഇവിടെ നിന്നാണ് കോടിത്തിളക്കമുള്ള താരമായി സിമ്രാന്‍ മാറിയത്.