ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിട്ടും ഇന്ത്യ 28 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതിന്‍റെ ഞെട്ടലിലാണ് ഇന്ത്യന്‍ ആരാധകര്‍. ഹൈദരാബാദില്‍ ഇംഗ്ലണ്ടിനെ സ്‌പിന്‍ കരുത്തില്‍ വീഴ്‌ത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു ടീം ഇന്ത്യ. എന്നാല്‍, ഇന്ത്യന്‍ പര്യടനത്തിന് മുന്‍പ് നല്ലതുപോലെ 'ഹോം വര്‍ക്ക്' ചെയ്‌തെത്തിയ ഇംഗ്ലീഷ് നിര ഇന്ത്യയെ തങ്ങളൊരുക്കിയ സ്‌പിന്‍ കെണിയില്‍ വീഴ്‌ത്തുകയായിരുന്നു.
ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പേസറായി മാര്‍ക്ക് വുഡിനെ മാത്രം ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. ജാക്ക് ലീച്ച്, ടോം ഹാര്‍ട്‌ലി, രേഹന്‍ അഹമ്മദ്, ജോ റൂട്ട് എന്നിവര്‍ക്കായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യയെ കറക്കി വീഴ്‌ത്താനുള്ള ചുമതലയുണ്ടായിരുന്നത്. ഇതില്‍, പരിചയ സമ്പന്നനായ ജാക്ക് ലീച്ച് ഒഴികെ മറ്റെല്ലാവരും മികവിലേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യയ്‌ക്ക് വെള്ളം കുടിക്കേണ്ടി വരികയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഏഴ് വിക്കറ്റ് പ്രകടനം നടത്തിയ ഇംഗ്ലീഷ് സ്‌പിന്നര്‍ ടോം ഹാര്‍ട്‌ലിയായിരുന്നു ഹൈദരാബാദില്‍ ഇന്ത്യന്‍ ടീമിനെ തകര്‍ത്തുവിട്ടത്. വിസ പ്രശ്‌നവുമായി ബന്ധപ്പെട്ട് യുവ സ്‌പിന്നര്‍ ഷൊയ്‌ബ് ബഷീര്‍ ഇന്ത്യയിലേക്ക് എത്താന്‍ വൈകിയ സാഹചര്യത്തിലായിരുന്നു 24കാരനായ ഹാര്‍ട്‌ലിയ്‌ക്ക് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചത്. ആ അവസരം കൃത്യമായി തന്നെ മുതലെടുക്കാന്‍ ഹാര്‍ട്‌ലിയ്‌ക്ക് സാധിക്കുകയും ചെയ്‌തിരുന്നു.
വിശാഖപ്പട്ടണത്തും ഇന്ത്യ വിയര്‍ക്കുമോ...?ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് പരമ്പരയിലെ രണ്ടാം മത്സരത്തിന് തുടക്കമാകുന്നത്. ആദ്യ മത്സരത്തില്‍ ലഭിച്ച മൊമന്‍റം രണ്ടാമത്തെ കളിയിലും തുടരാനായിരിക്കും സന്ദര്‍ശകരുടെ ശ്രമം. വിസ പ്രശ്‌നങ്ങള്‍ പരിഹരിച്ച് 20കാരനായ ഷൊയ്‌ബ് ബഷീര്‍ ഇന്ത്യയിലേക്ക് എത്തിയ സാഹചര്യത്തില്‍ വിശാഖപട്ടണത്ത് ഇംഗ്ലണ്ട് സ്‌പിന്‍ ഡിപ്പാര്‍ട്ട്മെന്‍റിനെ കൂടുതല്‍ ശക്തിപ്പെടുത്താനും സാധ്യതയുണ്ട്.