ന്യൂഡൽഹി:ചാമ്പ്യൻസ് ട്രോഫിയിൽ ഇന്നലെ നടന്ന പോരാട്ടത്തില്‍ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തി. മത്സരത്തിൽ ഇന്ത്യൻ ടീമിന്‍റെ ഫീൽഡിങ് മികച്ചതായിരുന്നു. രണ്ട് പാക് കളിക്കാരെ ഇന്ത്യ റണ്ണൗട്ടാക്കിയാണ് പവലിയനിലേക്ക് മടക്കിയത്. പാകിസ്ഥാൻ ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഇതോടെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരത്തിലെ മികച്ച ഫീൽഡര്‍ അക്‌സര്‍ പട്ടേല്‍
മത്സരത്തിനു ശേഷം ഇന്ത്യൻ പരിശീലക സംഘം മികച്ച ഫീൽഡർക്കുള്ള അവാർഡ് നൽകി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെത്തിയാണ് മികച്ച ഫീല്‍ഡറുക്കുള്ള മെഡൽ നൽകിയത്. പാകിസ്ഥാനെതിരായ മികച്ച ഫീൽഡർമാർക്കുള്ള നോമിനേഷനുകൾ ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകൻ ടി. ദിലീപ് പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശ്രേയസ് അയ്യർ എന്നിവരായിരുന്നു ഇടം നേടിയത്. പിന്നാലെ ധവാൻ അക്‌സറിന് മികച്ച ഫീൽഡർക്കുള്ള മെഡൽ സമ്മാനിച്ചു.
അക്‌സര്‍ രണ്ട് റണ്ണൗട്ടുകളും ഒരു ക്യാച്ചും എടുത്തു
മത്സരത്തിൽ അക്‌സര്‍ പട്ടേൽ 10 ഓവറിൽ 49 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. കൂടാതെ തന്‍റെ ഫീൽഡിംഗ് മികവ് പ്രകടിപ്പിക്കുകയും രണ്ട് മികച്ച റണ്ണൗട്ടുകൾ നടത്തുകയും ചെയ്‌തു. ഫഖർ സമാനു പകരം ടീമിനൊപ്പം ചേർന്ന ഇമാം ഉൾ ഹഖിനെ താരം പവലിയനിലേക്ക് അയച്ചു. കുൽദീപ് യാദവിന്‍റെ ഓവറിലാണ് വിക്കറ്റ് തെറിച്ചത്. 26 പന്തില്‍ നിന്ന് വെറും 10 റണ്‍സ് മാത്രം നേടിയാണ് ഇമാം പവലിയനിലേക്ക് മടങ്ങിയത്. ഇതോടൊപ്പം, കെ.എൽ. രാഹുലിനൊപ്പം ഹാരിസ് റൗഫിനെ റണ്ണൗട്ടാക്കി. സൗദ് ഷക്കീലിനെ (62) ഹാർദിക് പാണ്ഡ്യയുടെ പന്തിൽ അക്‌സര്‍ ക്യാച്ച് എടുക്കുകയുണ്ടായി.