ലണ്ടൻ: പ്രീമിയര്‍ ലീഗില്‍ (Premier League) കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. പോയിന്‍റ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ തമ്മില്‍ ഓരോ പോയിന്‍റ് വ്യത്യാസമാണ് നിലവില്‍. സീസണിലെ 27-ാം മത്സരത്തില്‍ ജയം സ്വന്തമാക്കിയതോടെയാണ് ആഴ്‌സണല്‍ (Arsenal) പോയിന്‍റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലിവര്‍പൂള്‍ (Liverpool), മാഞ്ചസ്റ്റര്‍ സിറ്റി (Manchester City) എന്നിവരുമായുള്ള ലീഡ് കുറച്ചത്.
കഴിഞ്ഞ മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെയാണ് ആഴ്‌സണല്‍ തകര്‍ത്തത്. ഷെഫീല്‍ഡിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളിനായിരുന്നു പീരങ്കിപ്പടയുടെ ജയം. സീസണില്‍, ആഴ്‌സണലിന്‍റെ 19-ാം ജയമാണിത് (Sheffield United vs Arsenal Result).
ലീഗില്‍ മൂന്നാം സ്ഥാനക്കാരായ ആഴ്‌സണലിന് 61 പോയിന്‍റാണ്. 62 പോയിന്‍റോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പോയിന്‍റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് 27 മത്സരങ്ങളില്‍ നിന്നും 63 പോയിന്‍റാണുള്ളത് (Premier League Standings After Matchday 27).
ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടായ ബ്രമാള്‍ ലെയ്‌നില്‍ (Bramall Lane) നടന്ന മത്സരത്തില്‍ ആതിഥേയരെ നിഷ്‌ഭ്രമമാക്കുന്ന പ്രകടനമായിരുന്നു ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണല്‍ കാഴ്‌ചവെച്ചത്. മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിലാണ് പീരങ്കിപ്പട ഗോള്‍ വേട്ട തുടങ്ങിയത്. മാര്‍ട്ടിൻ ഒഡേഗാര്‍ഡായിരുന്നു (Martin Odegard) ഗണ്ണേഴ്‌സിനായി ഗോളടിമേളം തുടങ്ങിവച്ചത്.