ബോബി ചെമ്മണ്ണൂരിനെതിരായ നടി ഹണി റോസിന്‍റെ ലൈംഗിക അതിക്രമ പരാതിയില്‍ കേസ് പുരോഗമിക്കവെ വിഷയത്തില്‍ പ്രതികരിച്ച് എഴുത്തുകാരി കെ.ആര്‍ മീര. അതിക്രമം നേരിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികരിച്ചാലും അതിക്രമം അതിക്രമം അല്ലാതാവുന്നില്ലെന്ന് കെ.ആര്‍ മീര. ഫേസ്‌ബുക്കിലൂടെയായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം.
"ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞ് പ്രതികരിച്ചാലും രണ്ട് വർഷം കഴിഞ്ഞ് പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അത് കുറ്റകൃത്യം അല്ലാതാകുകയില്ല. അവരവർക്ക് മുറിപ്പെടും വരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒടിപി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ," കെ.ആര്‍ മീര കുറിച്ചു.
താന്‍ മാത്രമല്ല, തന്‍റെ സഹപ്രവർത്തകരും സമാന രീതിയിലുള്ള പ്രശ്‌നങ്ങൾ ഇവിടെ നേരിടുന്നുണ്ടെന്നും ഹണി റോസ് നേരത്തെ പ്രതികരിച്ചിരുന്നു. സമൂഹത്തിലെ പലതട്ടിലുമുള്ള സ്ത്രീകൾ ഞാൻ നേരിട്ടത് പോലുള്ള അധിക്ഷേപങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാകുന്നു. അവർക്കൊക്കെ വേണ്ടിയാണ് ഞാനിപ്പോൾ മുന്നോട്ടു വന്നിരിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു.
താൻ ഉൾപ്പെടെ നിരവധി സ്ത്രീകളെ ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി വ്യക്‌തിഹത്യയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്യുന്നതായും നടി വെളിപ്പെടുത്തി.
"അയാൾ എന്തെങ്കിലും പറയും, അത് ഏറ്റുപിടിക്കാൻ അയാളുടെ തന്നെ മനോനിലയുള്ള ചിലർ മുന്നോട്ടുവരുന്നു. ഇത്തരക്കാരുടെ നിരന്തരമായ സൈബർ അറ്റാക്ക് എന്നെ വളരെ അധികം മാനസികമായി തളർത്തി. ഇതൊരു നിസ്സാര വിഷയമല്ല. ഇത്തരം പരാമർശങ്ങൾ നിർത്തണമെന്നും മേലിൽ ആവർത്തിക്കരുതെന്നും ബോബി ചെമ്മണ്ണൂരിനെ ഞാൻ അറിയിച്ചിരുന്നു", ഹണി റോസ് പറഞ്ഞു.
ബോബി ചെമ്മണ്ണൂര്‍ നൽകുന്ന അഭിമുഖങ്ങളില്‍ തന്നെക്കുറിച്ച് അനാവശ്യങ്ങളാണ് വിളിച്ചു പറയുന്നതെന്നും നടി പറഞ്ഞു. അടുത്തിടെ അയാൾ പങ്കെടുത്ത ഒരു അഭിമുഖത്തില്‍ തന്‍റെ പേരെടുത്ത് പറഞ്ഞ് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി. കൈകൾ കൊണ്ട് സഭ്യമല്ലാത്ത ആക്ഷനുകൾ കാണിച്ചു. ഇതിനൊക്കെ പുറമെ ഭയങ്കര മോശമായ അഭിപ്രായ പ്രകടനങ്ങളും തന്നെക്കുറിച്ച് അയാൾ നടത്തിയെന്നും നടി വ്യക്‌തമാക്കി.
"എനിക്കെതിരെ അധിക്ഷേപങ്ങൾ നടത്തരുതെന്ന് നിർദ്ദേശം നൽകിയിട്ടും ഓരോ ദിവസവും ബോബി ചെമ്മണ്ണൂർ ലൈംഗിക ചുവയുള്ള പരിഹാസങ്ങളും അധിക്ഷേപങ്ങളും കൂടുതലാക്കുകയാണ് ചെയ്‌തത്. lനിക്ക് ഭയമില്ലെന്നുള്ള രീതിയിൽ അയാൾ ഈ പ്രവർത്തി തുടരുമ്പോൾ അത് ഞാനെന്ന വ്യക്‌തിയെ മാത്രം ഉദ്ദേശിച്ചല്ലെന്ന് ബോധ്യമായി. മൊത്തം സ്ത്രീ സമൂഹത്തോടുള്ള അയാളുടെ കാഴ്‌ച്ചപ്പാടാണ് ഇത്തരത്തിൽ വെളിപ്പെടുന്നത്,"ഹണി റോസ് പറഞ്ഞു.