തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിലിന്ന് രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മഴ ലഭിക്കുക. പല ജില്ലകളിലും ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പില്‍ പറയുന്നു. ബംഗാൾ ഉൾക്കടലിനു മുകളിൽ നിലകൊള്ളുന്ന ചക്രവാതച്ചുഴി കാരണമാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്.
നാളെ മൂന്ന് തെക്കന്‍ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് നല്‍കിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്ററിനും 115. 5 മില്ലിമീറ്ററിനും ഇടയില്‍ മഴ ലഭിക്കുന്ന സാഹചര്യമാണ് യെല്ലോ അലര്‍ട്ട് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നാളെ ഈ മൂന്ന് ജില്ലകളിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം ചൂട് കൂടാനാണ് സാധ്യത. പകൽ താപനില രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണം. 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. കാറ്റിന്‍റെ വേഗത തെക്കന്‍ തമിഴ്നാട് ഭാഗത്ത് 55 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.
കേരള തീരത്തും തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. തിരമാലകള്‍ അര മീറ്റര്‍ മുതൽ ഒരു മീറ്റർ വരെ ഉയര്‍ന്നേക്കാം. 2025 ജനുവരിയിലെ ആദ്യ രണ്ട് ആഴ്ചകളിലെ മഴ ലഭ്യതാ കണക്കുകളില്‍ കേരളത്തിന് വലിയ നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്. 3.5 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് സംസ്ഥാനത്ത് കിട്ടിയത് 2.8 മില്ലീമീറ്റര്‍ മഴ മാത്രമാണ്. കൊല്ലം ജില്ലയ്ക്കാണ് മഴ ലഭ്യതയില്‍ വന്‍ ഇടിവ് നേരിടേണ്ടി വന്നിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാധാരണ ഗതിയില്‍ ഇക്കാലയളവില്‍ ലഭിക്കേണ്ട 7.6 മില്ലീമീറ്റര്‍ മഴയില്‍ കൊല്ലത്ത് രേഖപ്പെടുത്തിയിരിക്കുന്നത് പൂജ്യമാണ്. മഴ ലഭ്യത പൂജ്യമായ ജില്ലകളില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് എന്നിവയും ഉള്‍പ്പെടുന്നു. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകള്‍ക്കും മഴ ലഭ്യതയില്‍ വന്‍ ഇടിവ് വന്നിട്ടുണ്ട്. തിരുവനന്തപുരം പത്തനംതിട്ട കോട്ടയം ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ച ശരാശരിയില്‍ക്കവിഞ്ഞ മഴ ലഭിച്ചു.