കേരളം

kerala

ETV Bharat / sports

സെല്‍ഫ്‌ലെസ് സർഫറാസ്...കന്നി ടെസ്റ്റില്‍ ബാറ്റ് കൊണ്ടും സ്‌നേഹം കൊണ്ടും ആരാധകരുടെ ഹൃദയം കവർന്ന് താരം

രാജ്‌കോട്ട് ടെസ്റ്റിനിടെ തമ്മില്‍ കലഹിച്ചും സ്‌നേഹിച്ചും ആരാധകരുടെ മനം കവര്‍ന്ന് യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളും സര്‍ഫറാസ് ഖാനും.

Sarfaraz Khan  Yashasvi Jaiswal  Rajkot Test  യശസ്വി ജയ്‌സ്വാള്‍  സര്‍ഫറാസ് ഖാന്‍
Sarfaraz Khan s Selfless Act For Yashasvi Jaiswal in Rajkot Test

By ETV Bharat Kerala Team

Published : Feb 19, 2024, 4:01 PM IST

Updated : Feb 19, 2024, 4:11 PM IST

രാജ്‌കോട്ട്:ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റില്‍ (Rajkot Test) ഇന്ത്യയുടെ മിന്നും വിജയത്തില്‍ യുവതാരങ്ങളായ സര്‍ഫറാസ് ഖാനും (Sarfaraz Khan) യശസ്വി ജയ്‌സ്വാളിനും (Yashasvi Jaiswal) വലിയ പങ്കാണ് ഉള്ളത്. രണ്ടാം ഇന്നിങ്‌സിന് ശേഷം ഇന്ത്യയ്‌ക്ക് വമ്പന്‍ സ്‌കോര്‍ ഉറപ്പാക്കിയത് ഇരു താരങ്ങളും ചേര്‍ന്നുള്ള പ്രകടനമാണ്. പിരിയത്ത അഞ്ചാം വിക്കറ്റില്‍ 172 റണ്‍സായിരുന്നു യശസ്വി ജയ്‌സ്വാള്‍ - സര്‍ഫറാസ് ഖാന്‍ സഖ്യം അടിച്ചെടുത്തത്.

അഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്‌ക്കായി കളിക്കുന്ന ഇരു താരങ്ങളും തമ്മില്‍ തികഞ്ഞ സൗഹൃദമാണുള്ളത്. രാജ്‌കോട്ടില്‍ കലഹിച്ചും സ്‌നേഹിച്ചും ഇതിന്‍റെ ആഴം ഇരുവരും ആരാധകര്‍ക്ക് കാണിച്ച് തരികയും ചെയ്‌തു. ആദ്യമുണ്ടായ കലഹത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വരെ അന്താളിച്ച് പോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ യശസ്വി 197 റണ്‍സും സര്‍ഫറാസ് 47 റണ്‍സും എടുത്ത് നില്‍ക്കെയായിരുന്നു ഈ പോര് നടന്നത്. ഇംഗ്ലീഷ് സ്‌പിന്നര്‍ റെഹാൻ അഹമ്മദിനെതിരെ സര്‍ഫറാസായിരുന്നു സ്‌ട്രൈക്ക് ചെയ്‌തിരുന്നത്. പന്ത് ഓഫ് സൈഡിലേക്ക് കളിച്ച താരം ഡബിള്‍ ഓടാന്‍ യശസ്വിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഒരു റണ്‍സ് മതിയെന്ന തീരുമാനത്തിലായിരുന്നു യശസ്വി. ഇതില്‍ അല്‍പം രോഷത്തോടെയായിരുന്നു സര്‍ഫറാസ് പ്രതികരിച്ചത്. പിന്നീടായിരുന്നു ഇരുവരും തമ്മിലുള്ള സ്നേഹം ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുന്നത്.

199 റണ്‍സില്‍ നില്‍ക്കെ സൂക്ഷിച്ച് ഓടാന്‍ യശസ്വിയ്‌ക്ക് നിര്‍ദേശം നല്‍കുന്ന സര്‍ഫറാസിന്‍റെ വാക്കുകള്‍ സ്‌റ്റംപ് മൈക്കിലൂടെ പുറത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ യശസ്വി ഡബിള്‍ തികച്ചപ്പോള്‍ വലിയ ആഘോഷമായിരുന്നു സര്‍ഫറാസ് നടത്തിയത്. 199 -ല്‍ നിന്നും സിംഗിളെടുത്തായിരുന്നു യശസ്വി കരിയറിലെ രണ്ടാമത്തെ ഡബിള്‍ സെഞ്ചുറിയിലേക്ക് എത്തിയത്.

ഇരു കൈകളും ഉയര്‍ത്തി ഏറെ ആഘോഷിച്ചായിരുന്നു സര്‍ഫറാസ് റണ്‍സിനായുള്ള ഓട്ടം പൂര്‍ത്തിയാക്കിയത്. പിന്നാലെ തന്നെ യശസ്വിയ്‌ക്ക് അരികിലേക്ക് ഓടിയെത്തിയ സര്‍ഫറാസ് താരത്തെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നതും കാണാന്‍ കഴിഞ്ഞു. ഇതിനുശേഷം ഇന്ത്യന്‍ ഇന്നിങ്‌സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡിക്ലയര്‍ ചെയ്‌തപ്പോഴും സര്‍ഫറാസ് ആരാധകരുടെ ഹൃദയം തൊട്ടു.

ഡ്രസ്സിങ് റൂമിലേക്ക് തിരികെ മടങ്ങുമ്പോള്‍ യശസ്വിയോട് മുന്നില്‍ നടന്ന് നയിക്കാനായിരുന്നു താരം ആവശ്യപ്പെട്ടത്. 236 പന്തില്‍ പുറത്താവാതെ 214 റണ്‍സായിരുന്നു 22-കാരനായ യശസ്വി അടിച്ചെടുത്തത്. 14 ബൗണ്ടറികളും 12 സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. സര്‍ഫറാസാവട്ടെ 72 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താവാതെ 68 റണ്‍സായിരുന്നു നേടിയത്.

അതേസമയം മത്സരത്തില്‍ ഇന്ത്യ 434 റണ്‍സിന്‍റെ കൂറ്റന്‍ വിജയം നേടിയിരുന്നു. ആതിഥേയര്‍ ഉയര്‍ത്തിയ 557 റണ്‍സിന്‍റെ വമ്പന്‍ ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് 122 റണ്‍സില്‍ പുറത്താവുകയായിരുന്നു. റണ്‍സ് അടിസ്ഥാനത്തില്‍ ടെസ്റ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

ALSO READ:'500നും 501നും ഇടയില്‍ ഞങ്ങളുടെ ജീവിതത്തിലെ ദൈര്‍ഘ്യമേറിയ 48 മണിക്കൂറുകള്‍' ; ഹൃദയം തൊടുന്ന കുറിപ്പുമായി പ്രീതി

Last Updated : Feb 19, 2024, 4:11 PM IST

ABOUT THE AUTHOR

...view details