കൊൽക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കും. അടുത്ത മാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി കണക്കിലെടുത്ത് ഇരുടീമുകൾക്കും പരമ്പര നിർണായകമാണ്. മലയാളി താരം സഞ്ജു സാംസണും ഹാർദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലും ഉൾപ്പെടുന്ന ഇന്ത്യൻ ടി20 ടീമിനെ സൂര്യകുമാർ യാദവ് നയിക്കും.
പരിക്കിന് ശേഷം ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയും ദേശീയ ടീമിൽ തിരിച്ചെത്തുന്ന മത്സരമാണിത്. 2023 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായാണ് താരം തിരിച്ചെത്തുന്നത്. സഞ്ജു ഇന്ത്യൻ ഇന്നിങ്സ് ഓപൺ ചെയ്യും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനം തുടരുകയായിരിക്കും സഞ്ജുവിന്‍റെ ലക്ഷ്യം. മറുവശത്ത് ജോസ് ബട്ട്‌ലർ ഇംഗ്ലണ്ട് ടീമിനെ നയിക്കും.
ഹെഡ് ടു ഹെഡ് റെക്കോഡ് : ടി20 മത്സരങ്ങളിൽ ഇന്ത്യയും ഇംഗ്ലണ്ടും പരസ്പരം 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്ത്യ 13 മത്സരങ്ങൾ ജയിച്ചപ്പോൾ ഇംഗ്ലണ്ടിന് 11 മത്സരങ്ങൾ മാത്രമാണ് ജയിക്കാനായത്.
കൊൽക്കത്തയിൽ ഇന്ത്യയുടെ റെക്കോർഡ്: ഏകദേശം 13 വർഷത്തിന് ശേഷമാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ഗ്രൗണ്ടിൽ ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വരുന്നത്. നേരത്തെ, 2011 ഒക്ടോബർ 29 നാണ് ഇരുടീമുകളും കളിച്ചത്. ഇരുടീമുകളും തമ്മിൽ ഒരു ടി20 മത്സരം മാത്രമാണ് കൊൽക്കത്തയിലെ ചരിത്ര ഗ്രൗണ്ടിൽ നടന്നത്. എന്നാല്‍ ഇവിടത്തെ ഇംഗ്ലണ്ടിനെതിരായ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ റെക്കോർഡ് മികച്ചതല്ല, അന്ന് ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.
ഇന്ത്യ vs ഇംഗ്ലണ്ട് ടി20 പരമ്പര ഷെഡ്യൂൾ:
- ആദ്യ ടി20 മത്സരം: ജനുവരി 22, കൊൽക്കത്ത
- രണ്ടാം ടി20 മത്സരം: ജനുവരി 25, ചെന്നൈ
- മൂന്നാം ടി20 മത്സരം: ജനുവരി 28, രാജ്കോട്ട്
- നാലാം ടി20 മത്സരം: ജനുവരി 31, പൂനെ
- അഞ്ചാം ടി20 മത്സരം : ഫെബ്രുവരി 02, മുംബൈ
ഒന്നാം ടി20 എപ്പോൾ, എവിടെ നടക്കും?