ജൊഹനാസ്ബര്‍ഗ്: സഞ്ജുവിന്‍റെയും തിലക് വര്‍മയുടെയും സെഞ്ച്വറിക്കരുത്തില്‍ നാലാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ 284 റണ്‍സിന്‍റെ വിജയലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് അഭിഷേക് ശര്‍മയുടെ ഒരു വിക്കറ്റ് മാത്രമാണ് നഷ്‌ടമായത്. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സഞ്ജു തിലക് സഖ്യം മത്സരത്തില്‍ 210 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി.
പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന സഞ്ജു ഇന്ന് നേരിട്ട 51-ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പരമ്പരയില്‍ സഞ്ജുവിന്‍റെ രണ്ടാമത്തെയും ടി20 കരിയറില്‍ മൂന്നാമത്തെയും സെഞ്ച്വറിയാണിത്. 56 പന്ത് നേരിട്ട സഞ്ജു 109 റണ്‍സുമായി പുറത്താകാതെ നിന്നു. 9 സിക്‌സും ആറ് ഫോറും അടങ്ങുന്ന വെടിക്കെട്ട് പ്രകടനമാണ് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ സഞ്ജു കാഴ്‌ച വെച്ചത്.
മത്സരത്തില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അപകടകാരിയായത് തിലക് വര്‍മയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ടി20യിലും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ തിലക് വര്‍മ 47 പന്തില്‍ പുറത്താകാതെ 120 റണ്‍സാണ് അടിച്ചുകൂട്ടിയത്. 10 സിക്‌സറുകളും 9 ഫോറും അടങ്ങുന്നതായിരുന്നു തിലകിന്‍റെ ഇന്നിങ്‌സ്. അന്താരാഷ്‌ട്ര ടി20യില്‍ തിലക് വര്‍മയുടെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. കഴിഞ്ഞ മത്സരത്തിലായിരുന്നു താരം കന്നി സെഞ്ച്വറി നേടിയത്.