ദുബായ്: ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുമായി മലയാളി താരം സഞ്ജു സാംസണ്‍. ഐസിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയില്‍ 91 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 65-ാം റാങ്കിലാണ് സഞ്‌ജുവുള്ളത്. 449 ആണ് റേറ്റിങ് പോയിന്‍റ്. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലെ വെടിക്കെട്ട് സെഞ്ചുറിയാണ് സഞ്‌ജുവിന് കരുത്ത് പകര്‍ന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മത്സരത്തില്‍ 47 പന്തുകളില്‍ 111 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്. 11 ബൗണ്ടറികളും എട്ട് സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്‍റെ പ്രകടനം. നിലവില്‍ റിഷഭ് പന്ത്(95), ഇഷാന്‍ കിഷന്‍(82), ശിവം ദുബെ(82) എന്നിവര്‍ സഞ്‌ജുവിന് പിന്നിലാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി.
255 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ നിതീഷ് കുമാര്‍ റെഡ്ഡി 72-ാമതാണ്. പരമ്പരയില്‍ തിളങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 52-ാം റാങ്കിലെത്തി. 22 റാങ്കുകള്‍ ഉയര്‍ന്ന റിങ്കു സിങ് 43-ാം സ്ഥാനത്തുണ്ട്.
ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ഇന്ത്യയുടെ രോഹിത് ശര്‍മ 54-ാം റാങ്കിലും വിരാട് കോലി 61-ാം റാങ്കിലുമുണ്ട്. മികച്ച പ്രകടനം തുടര്‍ന്നാല്‍ വൈകാതെ തന്നെ സഞ്‌ജുവിന് ഇവരെ പിന്നിലാക്കാം. ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ബംഗ്ലാദേശിനെതിരെ ഇറങ്ങാതിരുന്ന യശസ്വി ജയ്സ്വാളിന് ഒരു സ്ഥാനം നഷ്‌ടമായി. നിലവില്‍ ആറാമതാണ് ജയ്‌സ്വാള്‍. റിതുരാജ് ഗെയ്‌ക്‌വാദ് രണ്ട് സ്ഥാനം താഴ്‌ന്ന് 11-ാമതും ശുഭ്‌മാന്‍ ഗില്‍ നാല് റാങ്കുകള്‍ താഴ്‌ന്ന് 25-ാമതുമുണ്ട്.
ALSO READ: തുറിച്ചുനോക്കി സിറാജ്, ചിരിച്ചുതള്ളി കോണ്‍വേ; പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടി ആര്‍സിബി സിഎസ്‌കെ ആരാധകര്‍
ബോളര്‍മാരുടെ റാങ്കിങ്ങില്‍ രവി ബിഷ്ണോയ് നേട്ടമുണ്ടാക്കി. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ നാലു സ്ഥാനങ്ങള്‍ ഉയര്‍ന്ന രവി ബിഷ്‌ണോയ് ഒമ്പതാം സ്ഥാനത്തെത്തി. ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബോളര്‍കൂടിയാണ് രവി ബിഷ്‌ണോയ്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നാമത് തുടരുകയാണ്.