അനന്തപൂര്‍: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ദുലീപ് ട്രോഫിയില്‍ ലഭിച്ച സുവര്‍ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസണ്‍ മടങ്ങി. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീം ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന സഞ്ജു ആറ് പന്തില്‍ നിന്ന് വെറും അഞ്ച് റണ്‍സെടുത്താണ് മടങ്ങിയത്. അലസമായി പന്ത് നേരിട്ട സഞ്ജു അക്വിബ് ഖാന്‍റെ പന്തില്‍ പ്രസിദ്ധ് കൃഷ്‌ണയ്ക്ക് അനായാസ ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആറ് പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെയാണ് സഞ്ജു അഞ്ച് റണ്‍സടിച്ചത്. ഇന്ത്യ ഡി നിരയില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ദയനീയ പരാജയമായിരുന്നു. ഏഴ് പന്ത് നേരിട്ട ശ്രേയസ് അയ്യര്‍ പൂജ്യത്തിന് പുറത്തായി. അതേസമയം മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മത്സരത്തില്‍ തിളങ്ങി.
ആദ്യ ദിനം ഇന്ത്യ എ അടിച്ചു കൂട്ടിയ 290 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഡി ടീം നാലു വിക്കറ്റ് നഷ്‌ടത്തില്‍ 86 റണ്‍സെടുത്തു. ഇന്ത്യ എ-യ്ക്ക് വേണ്ടി അക്വിബ് ഖാനും ഖലീല്‍ അഹമ്മദും ഈരണ്ടു വിക്കറ്റ് വീഴ്ത്തി.
ഒരു ഘട്ടത്തില്‍ നാലു വിക്കറ്റിന് 52 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിയുകയായിരുന്ന ഇന്ത്യ ഡിയെ കര കയറ്റിയത് ദേവ് ദത്ത് പടിക്കലും റിക്കി ഭുയിയും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഇന്ത്യ എയുടെ ഒന്നാം ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറികളുമായി ഷംസ് മുലാനിയും തനുഷ് കൊടിയനും തിളങ്ങി.
Also Read:കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ സെഞ്ച്വറി; സച്ചിന്‍ ബേബിയുടെ വെടിക്കെട്ടില്‍ കൊല്ലം സെയിലേഴ്‌സിന് ജയം