കേരളം

kerala

ETV Bharat / sports

'വിരമിക്കുന്നത് വ്യക്തിപരമായ തീരുമാനം, ടീമിലെ സ്ഥാനം നിര്‍ണയിക്കാൻ വേറെയാളുകളുണ്ട്'; രോഹിത്തിന് മുന്നറിയിപ്പുമായി മഞ്ജരേക്കര്‍ - MANJREKAR ON ROHIT SHARMA

ടെസ്റ്റ് കരിയര്‍ ഉടൻ അവസാനിപ്പിക്കില്ലെന്ന് അടുത്തിടെ രോഹിത് ശര്‍മ പറഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് സഞ്ജയ് മഞ്ജരേക്കറുടെ അഭിപ്രായ പ്രകടനം.

ROHIT SHARMA RETIREMENT  SANJAY MANJREKAR ROHIT SHARMA  ROHIT SHARMA TEST CAREER  രോഹിത് ശര്‍മ
Rohit Sharma (ANI)

By ETV Bharat Sports Team

Published : Jan 5, 2025, 6:50 PM IST

Updated : Jan 13, 2025, 5:27 PM IST

സിഡ്‌നി:ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിട്ടതോടെ ഇന്ത്യൻ ടീമില്‍ സീനിയര്‍ താരങ്ങളുടെ സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകളും ഒരു ഭാഗത്ത് പുരോഗമിക്കുന്നുണ്ട്. ബാറ്റിങ്ങില്‍ താളം കണ്ടെത്താൻ വിഷമിക്കുന്ന രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് മതിയാക്കണം എന്നുള്‍പ്പടെ പലരും വാദിക്കുന്നുണ്ട്. ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ തങ്ങളുടെ ഭാവി എന്താകണമെന്ന് തീരുമാനിക്കേണ്ടത് ആ താരങ്ങള്‍ തന്നെയാണെന്നാണ് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീറിന്‍റെയും പക്ഷം.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തീര്‍ത്തും നിറം മങ്ങിപ്പോയ പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും നടത്തിയത്. പരമ്പരയിലെ ആദ്യത്തേയും അവാസനത്തേയും മത്സരങ്ങളില്‍ കളിക്കാതിരുന്ന രോഹിത് അഞ്ച് ഇന്നിങ്‌സില്‍ നിന്നും ആകെ നേടിയത് 31 റണ്‍സ്. കോലിയാകട്ടെ പെര്‍ത്തിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഒരു സെഞ്ച്വറിയടിച്ചു. ബാക്കിയുള്ള എട്ട് ഇന്നിങ്‌സില്‍ നിന്നും 90 റണ്‍സാണ് താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.

മോശം ഫോമില്‍ ആണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഉടൻ വിരമിക്കില്ലെന്ന് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിരാട് കോലി ഒന്നും പ്രതികരിച്ചിട്ടില്ല. സിഡ്‌നി ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രോഹിത് തന്‍റെ വിരമിക്കലുമായി ബന്ധപ്പെട്ട് സംസാരിച്ചത്.

എന്നാല്‍, ക്രിക്കറ്റ് കരിയര്‍ ഉടൻ അവസാനിപ്പിക്കില്ലെന്ന 37-കാരനായ രോഹിത്തിന്‍റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുക എന്നത് ഓരോ താരങ്ങളുടെയും വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍, ടീമില്‍ അവര്‍ക്ക് സ്ഥാനം ഉണ്ടാകുമോയെന്ന കാര്യം തീരുമാനിക്കുന്നത് സെലക്‌ടര്‍മാരാണെന്നുമാണ് മഞ്ജരേക്കര്‍ തുറന്നടിച്ചത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...

'എന്‍റെ ഭാവി ഞാൻ തീരുമാനിക്കുമെന്ന കാര്യം ഒരുപാട് കളിക്കാര്‍ പറയുന്നുണ്ട്. എന്നാല്‍, അതില്‍ ഒരു പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് ആരും കാണാതെ പോകരുത്. ഒരു കളിക്കാരനെന്ന നിലയില്‍ നിങ്ങളുടെ ഭാവി തീരുമാനിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്ക് തന്നെയാണുള്ളത്. എന്നാല്‍ ടീമിലെ നിങ്ങളുടെ സ്ഥാനം അത് ഇനി ക്യാപ്‌റ്റനാണെങ്കില്‍ പോലും അതിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള ചുമതല മറ്റൊരാള്‍ക്കാണുള്ളത്.

നിങ്ങള്‍ എത്ര വലിയ ആളാണെങ്കില്‍ പോലും സെലക്ഷൻ കമ്മിറ്റി ചെയര്‍മാന്‍റെ അധികാരത്തെ ബഹുമാനിക്കണം. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിയെ കുറിച്ച് ചിന്തയുള്ള ആളാണ് സെലക്ഷൻ കമ്മിറ്റി ചെയര്‍മാൻ എങ്കില്‍ നിങ്ങളുടെ കരിയര്‍ ഇപ്പോള്‍ അവസാനിപ്പിക്കണോ അല്ലെങ്കില്‍ ഇനിയും കുറച്ച് അവസരങ്ങള്‍ കൂടി നല്‍കണോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് തീരുമാനമെടുക്കാം'- സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.

Also Read :കങ്കാരുപ്പടയെ നെഞ്ചുവിരിച്ച് നേരിട്ടു, തോല്‍വിയിലും തല ഉയര്‍ത്തി ജസ്‌പ്രീത് ബുംറ

Last Updated : Jan 13, 2025, 5:27 PM IST

ABOUT THE AUTHOR

...view details