മെല്‍ബണ്‍:അരങ്ങേറ്റ മത്സരത്തില്‍ തന്നെ ജസ്‌പ്രീത് ബുംറയുള്‍പ്പടെയുള്ള ഇന്ത്യൻ ബൗളര്‍മാര്‍ക്കെതിരെ തകര്‍പ്പൻ ബാറ്റിങ് കാഴ്‌ചവെച്ച് താരമായിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്‍റെ തീരുമാനം ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു 19കാരനായ സാമിന്‍റെ ബാറ്റിങ്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 65 പന്തില്‍ 60 റണ്‍സ് അടിച്ചാണ് മടങ്ങിയത്.
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയും കൗമാരക്കാരന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ബുംറയ്‌ക്കെതിരായ ഒരോവറില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പടെ 18 റണ്‍സും അടിച്ചെടുക്കാൻ താരത്തിനായി. 2021ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറ ആദ്യമായി വഴങ്ങിയ സിക്സര്‍ കൂടിയായിരുന്നു ഇത്.
ഇതിനിടെ വിരാട് കോലി സാം കോണ്‍സ്റ്റാസിനെ സ്ലെഡ്‌ജ് ചെയ്യാന്‍ ശ്രമിച്ചതും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. മുഹമ്മദ് സിറാജിന്‍റെ ഭാഗത്ത് നിന്നും താരത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. 20-ാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കോണ്‍സ്റ്റാസ് കളം വിട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ത്യൻ താരങ്ങളുമായുള്ള കോണ്‍സ്റ്റാസിന്‍റെ വാക്കേറ്റം വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ് യുവതാരത്തിന്‍റെ ഇഷ്ട ക്രിക്കറ്ററെ കുറിച്ചുള്ള വെളിപ്പെടുത്തലും. അത് സച്ചിനോ പോണ്ടിങ്ങോ ധോണിയോ സ്റ്റീവ് സ്‌മിത്തോ അല്ല എന്നുള്ളതാണ് കൗതുകമായ കാര്യം. ഇന്ന് (ഡിസംബര്‍ 26) മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്നോട് കൊമ്പുകോര്‍ത്ത വിരാട് കോലി തന്നെയാണ് കോണ്‍സ്റ്റാസിന്‍റെ ഇഷ്‌ടതാരവും.
മെല്‍ബണിലെ ആദ്യ ദിനത്തിലെ ലഞ്ച് ബ്രേക്കിനിടെ ഓസ്‌ട്രേലിയൻ ക്രിക്കറ്ററും കമന്‍റേറ്ററുമായ ട്രെന്‍റ് കോപ്‌ലാൻഡ് വിരാട് കോലിയുമായി ഉടക്കിയതിനെ കുറിച്ച് സാം കോണ്‍സ്റ്റാസിനോട് ചോദിച്ചിരുന്നു. ക്രിക്കറ്റില്‍ സാധാരണ ഗതിയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതെന്നായിരുന്നു സാമിന്‍റെ മറുപടി.
ഭേദപ്പെട്ട നിലയില്‍ ഓസീസ്:മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനം ഭേദപ്പെട്ട നിലയില്‍ കളിയവസാനിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കങ്കാരുപ്പട ഒന്നാം ദിനം സ്റ്റംപ്സ് എടുക്കുമ്പോള്‍ ആറിന് 311 എന്ന നിലയിലാണ്. 111 പന്തില്‍ 68 റണ്‍സുമായി സ്‌റ്റീവ് സ്‌മിത്തും 17 പന്തില്‍ 8 റണ്‍സ് നേടിയ നായകൻ പാറ്റ് കമ്മിൻസുമാണ് ക്രീസില്‍.
ഓപ്പണര്‍ സാം കോണ്‍സ്റ്റാസിന് പുറമെ ഉസ്‌മാൻ ഖവാജ (57), മാര്‍നസ് ലബുഷെയ്‌ൻ (72) എന്നിവരുടെ അര്‍ധസെഞ്ച്വറി പ്രകടനങ്ങളും ഓസീസ് ഇന്നിങ്സില്‍ നിര്‍ണായകമായി. ട്രാവിസ് ഹെഡ് (0), മിച്ചല്‍ മാര്‍ഷ് (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ മൂന്നും രവീന്ദ്ര ജഡേജ, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Also Read :വിരാട് കോലിക്ക് വിലക്ക്?; സാം കോണ്‍സ്റ്റാസിനെ 'ഇടിച്ച' താരത്തിനെതിരെ നടപടിക്ക് സാധ്യത