ന്യൂഡൽഹി:ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരായ ജയത്തില്‍ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കര്‍. സെന്‍റ് ലൂസിയയിലെ ഡാരൻ സാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 24 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ഇന്ത്യ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്‌തിരുന്നു. മത്സരത്തില്‍ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റും ബൗണ്ടറി ലൈനില്‍ അക്‌സര്‍ പട്ടേല്‍ സ്വന്തമാക്കിയ ക്യാച്ചുമാണ് ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായതെന്ന് സച്ചിൻ എക്‌സില്‍ കുറിച്ചു.
'ബൗണ്ടറി ലൈനില്‍ നിന്നും അക്‌സര്‍ പട്ടേല്‍ സ്വന്തമാക്കിയ ക്യാച്ചും ജസ്‌പ്രീത് ബുംറയുടെ പന്തില്‍ ട്രാവിസ് ഹെഡിന്‍റെ പുറത്താകലുമാണ് നമ്മുടെ ജയത്തില്‍ നിര്‍ണായകമായത്'- എന്നായിരുന്നു സച്ചിന്‍റെ പോസ്റ്റ്.
ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 205 റണ്‍സാണ് നേടിയത്. ക്യാപ്‌റ്റൻ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമായിരുന്നു ഇന്ത്യയ്‌ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 41 പന്ത് നേരിട്ട രോഹിത് 92 റണ്‍സ് അടിച്ചുകൂട്ടി.
എട്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു 224.39 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ രോഹിതിന്‍റെ ഇന്നിങ്‌സ്. സൂര്യകുമാര്‍ യാദവ് (31), ഹാര്‍ദിക് പാണ്ഡ്യ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓസ്‌ട്രേലിയക്കായി രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡ് ഓസ്‌ട്രേലിയക്കായി തകര്‍പ്പൻ പ്രകടനം നടത്തി. 43 പന്തില്‍ 76 റണ്‍സാണ് താരം നേടിയത്. ഹെഡിന്‍റെ മികവില്‍ ഓസ്‌ട്രേലിയ ജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു ടീം ഇന്ത്യയുടെ രക്ഷകനായി ജസ്‌പ്രീത് ബുംറയെത്തിയത്.
മത്സരത്തില്‍ 16-ാം ഓവര്‍ എറിയാനെത്തിയ ഇന്ത്യൻ സ്റ്റാര്‍ പേസര്‍ ഓസീസ് ടോപ് സ്കോറര്‍ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ കൃത്യതയോടെ പന്തെറിഞ്ഞ ബൗളര്‍മാര്‍ ചേര്‍ന്നാണ് ഇന്ത്യയ്‌ക്ക് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തിലും ജയം സമ്മാനിച്ചത്. ഇതോടെ ഓസ്‌ട്രേലിയയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ അര്‍ഷ്‌ദീപ് സിങ് ഇന്ത്യയ്‌ക്ക് വേണ്ടി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. സ്‌പിന്നര്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റാണ് നേടിയത്.
Also Read :'വ്യക്തിഗത നേട്ടങ്ങളില്‍ അല്ല കാര്യം'; സെഞ്ച്വറി നഷ്‌ടമായതില്‍ നിരാശയില്ലെന്ന് രോഹിത് ശര്‍മ - Rohit Sharma On His Innings