കേപ്‌ടൗണ്‍ :ദക്ഷിണാഫ്രിക്കന്‍ ലീഗായ എസ്എ20യുടെ (SA20) രണ്ടാം പതിപ്പിലും സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് (Sunrisers Eastern Cape) ജേതാക്കളായിരുന്നു. ഡര്‍ബൻസ് സൂപ്പര്‍ ജയന്‍റ്‌സിനെതിരായ (Durban's Super Giants) ഫൈനലില്‍ ക്ലിനിക്കല്‍ പെര്‍ഫോമന്‍സ് നടത്തിയാണ് സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് കളി പിടിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഉടമകള്‍ക്ക് കീഴിലുള്ള ടീമാണ് ഈസ്റ്റേണ്‍ കേപ്.
ഐപിഎല്ലില്‍ ഹൈദരാബാദിനെ എന്ന പോലെ ഈസ്റ്റേണ്‍ കേപ്പിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉടമകളിലൊരാളായ കാവ്യ മാരന്‍ (Kavya Maran) എസ്എ20യില്‍ നിറസാന്നിധ്യമാണ്. ഐപിഎല്ലില്‍ ഹൈദരാബാദിന്‍റെ മോശം പ്രകടനത്തില്‍ ദുഖിതയായി ഗ്യാലറിയിലിരിക്കുന്ന കാവ്യയെയാണ് പലപ്പോഴും കാണാന്‍ കഴിയാറുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥിതി നേരെ മറിച്ചാണ്.
തുടര്‍ച്ചയായ രണ്ടാം സീസണിലാണ് സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് കപ്പുയര്‍ത്തിയിരിക്കുന്നത്. ഇതിലുള്ള സന്തോഷം കാവ്യയ്‌ക്ക് മറച്ചുവയ്‌ക്കാന്‍ കഴിഞ്ഞിരുന്നില്ല. ടീമംഗങ്ങള്‍ക്കൊപ്പം മതിമറന്ന് ആഘോഷിക്കുന്ന കാവ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബാറ്റുകൊണ്ടും പന്തുകൊണ്ടും തന്‍റെ ടീം മികച്ച പ്രകടനം നടത്തിയതായി കാവ്യ പ്രതികരിച്ചു. "എസ്എ20യില്‍ ഇത് ഞങ്ങളുടെ രണ്ടാമത്തെ കിരീടമാണ്. തുടര്‍ച്ചയായ രണ്ടാമത്തേത്. സന്തോഷം പറഞ്ഞ് അറിയിക്കാന്‍ കഴിയില്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഏറെ മികച്ച പ്രകടനമാണ് ഞങ്ങളുടെ ടീം നടത്തിയിരിക്കുന്നത്.
സീസണില്‍ വലിയ ആധിപത്യമാണ് ടീം പുലര്‍ത്തിയത്. അവസാനം അതിന്‍റെ ഫലവും ലഭിച്ചു. തുടര്‍ച്ചയായ രണ്ട് കിരീടങ്ങളെന്നത് അവിശ്വസനീയമായ നേട്ടമാണ്. എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്" ടീമിന്‍റെ വിജയത്തിന് പിന്നാലെ കാവ്യ മാരന്‍ പറഞ്ഞു.