മുംബൈ :ഐപിഎല്‍ ആവേശങ്ങള്‍ക്കിടയിലും ടി20 ലോകകപ്പ് ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് തകൃതിയായി തന്നെ പുരോഗമിക്കുകയാണ്. ആഴ്‌ചകള്‍ മാത്രമാണ് ഐസിസി ടി20 ലോകകപ്പ് പൂരം കൊടിയേറാൻ ഇനി ശേഷിക്കുന്നതും. അതുകൊണ്ട് തന്നെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരെല്ലാം ഇടം പിടിക്കുമെന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമായി തുടങ്ങിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 30ന് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതിനിടെയാണ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശര്‍മ പരിശീലകൻ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുമായി മുംബൈയില്‍ വച്ച് കൂടിക്കാഴ്‌ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ ചര്‍ച്ചയില്‍ വിരാട് കോലിയെയും രോഹിത് ശര്‍മയെയും ഓപ്പണറാക്കാൻ തീരുമാനിച്ചെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു.
കൂടാതെ, മറ്റ് നിരവധി സര്‍പ്രൈസുകളും ടീമില്‍ ഉണ്ടായേക്കുമെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെയെല്ലാം തള്ളി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശര്‍മ. ടീം സെലക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി താൻ ആരുമായും കൂടിക്കാഴ്‌ച നടത്തിയിട്ടില്ലെന്ന് ആദം ഗിൽക്രിസ്റ്റ്, മൈക്കല്‍ വോണ്‍ എന്നിവരോട് ക്ലബ് പ്രേയര്‍ ഫയർ എന്ന പോഡ്‌കാസ്റ്റിലൂടെയാണ് രോഹിത് ശര്‍മ വ്യക്തമാക്കിയത്.