ഹൈദരാബാദ്:ഐപിഎല്‍ (IPL 2024) 17-ാം സീസണില്‍ ആദ്യ ജയം തേടി നേര്‍ക്കുനേര്‍ എത്തുകയാണ് മുംബൈ ഇന്ത്യന്‍സും (Mumbai Indians) സണ്‍റൈസേഴ്‌സ് ഹൈദരാബാദും (Sunrisers Hyderabad). സീസണ്‍ ഓപ്പണറില്‍ മുബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോടും (Gujarat Titans) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടുമായിരുന്നു (Kolkata Knight Riders) തോല്‍വി വഴങ്ങിയത്. ഇതോടെ ആദ്യ ജയം നേടാനുറച്ച് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളിക്കളത്തില്‍ പോരുമുറുകുമെന്നുറപ്പ്.
എന്നാല്‍ മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മയും ഹൈദരാബാദ് ഓപ്പണര്‍ മായങ്ക് അഗര്‍വാളും (Mayank Agarwal) ഉള്‍പ്പെട്ട രസകരമായ ഒരു സംഭവത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. മത്സരത്തിന് മുന്നോടിയായുള്ള പരിശീന സെഷനിടെ നേരില്‍ കണ്ടപ്പോള്‍ മായങ്കിന് ഒരു ഫ്ലൈയിങ് കിസ് നല്‍കിക്കൊണ്ട് രോഹിത് കളിയാക്കുന്നതിന്‍റെ ദൃശ്യങ്ങളാണിത്.
നേരത്തെ കൊല്‍ക്കത്തയ്‌ക്ക് എതിരായ മത്സരത്തില്‍ പുറത്തായപ്പോള്‍ മായങ്കിന് ഫ്ലൈയിങ് കിസ് നല്‍കിക്കൊണ്ടായിരുന്നു യുവ പേസര്‍ ഹര്‍ഷിത് റാണ (Harshit Rana) തിരികെ അയച്ചത്. ഇതിനെയായിരുന്നു രോഹിത് അനുകരിച്ചത്. മുംബൈയുടെ മുന്‍ നായകന്‍റെ പ്രവര്‍ത്തിയില്‍ നാണത്തോടെ മുഖം തിരിക്കുന്ന മായങ്കാണ് ചിത്രത്തിലുള്ളത്.
സംഭവത്തിന്‍റെ പേരില്‍ കൊല്‍ക്കത്തയുടെ പേസര്‍ ഹര്‍ഷിത് റാണയ്‌ക്ക് ഐപിഎല്‍ അധികൃതര്‍ പിഴ വിധിച്ചിരുന്നു. മാച്ച് ഫീയുടെ 60 ശതമാനം പിഴയായിരുന്നു ഹര്‍ഷിതിന് പിഴ നല്‍കേണ്ടി വന്നത്. ഹര്‍ഷിത് റാണ കുറ്റം സമ്മതിച്ചതോടെ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഉണ്ടായിരുന്നില്ല.