മുംബൈ : ടി20 ലോകകപ്പിനായി രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡിനെ ബിസിസിഐ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. ശുഭ്‌മാൻ ഗിൽ, റിങ്കു സിങ് തുടങ്ങിയ താരങ്ങള്‍ പുറത്തായപ്പോള്‍ ഫോമിലല്ലാത്ത ഹാർദിക് പാണ്ഡ്യ ടീമിലിടം നേടി. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന് ഐപിഎല്ലില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ വൈസ് ക്യാപ്റ്റനായാണ് ഹാര്‍ദിക്കിനെ സെലക്‌ടര്‍മാര്‍ സ്‌ക്വാഡില്‍ ചേര്‍ത്തിരിക്കുന്നത്. 'ബദലു'കളുടെ അഭാവമാണ് ഹാര്‍ദിക്കിന്‍റെ തെരഞ്ഞെടുപ്പിന് പിന്നിലെന്ന് ബിസിസിഐ ചീഫ് സെലക്‌ടർ അജിത് അഗാർക്കർ വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ടീം തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.
ഐപിഎല്‍ പ്രകടനത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ അല്ല ടീമിനെ തെരഞ്ഞെടുത്തതെന്നും വിദേശത്തെ അനുഭവ സമ്പത്ത് ഒരു ഘടകമാണെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് ജയ് ഷാ ഇക്കാര്യം പറഞ്ഞത്. ഇതോടെ ഹാര്‍ദിക്കിനെ സ്‌ക്വാഡില്‍ ചേര്‍ത്തത് സമ്മര്‍ദത്തിന് വഴങ്ങിയാണോ എന്ന ചോദ്യം ശക്തമാവുകയാണ്.
കാരണം, ഇന്ത്യന്‍സ് ക്യാപ്റ്റനായ ഹാര്‍ദിക്കിനെ ടീമില്‍ എടുക്കാന്‍ രോഹിത് ശര്‍മയ്‌ക്കും അജിത് അഗാര്‍ക്കര്‍ക്കും താല്‍പര്യമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സമ്മർദത്തിനൊടുവിലാണ് 29-കാരനെ ടീമിൽ ഉൾപ്പെടുത്തിയതെന്നുമായിരുന്നു പ്രസ്‌തുത റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സാഹചര്യപരമായ സമ്മർദമാണോ (ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടറായതിനാൽ) അല്ലെങ്കിൽ ചില ഭാഗങ്ങളിൽ നിന്നുള്ള സമ്മർദമാണോ എന്നത് ഇതില്‍ വ്യക്തമാക്കിയിരുന്നില്ല.