രാജ്കോട്ട്:നായകൻ രോഹിത് ശര്‍മയുടെ (Rohit Sharma) ചെറുത്തുനില്‍പ്പാണ് രാജ്കോട്ടില്‍ പുരോഗമിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കൂട്ടത്തകര്‍ച്ചയിലേക്ക് വീഴാതെ ഇന്ത്യന്‍ ടീമിനെ ഒരുവിധം കരകയറ്റിയത് (India vs England 3rd Test). മത്സരത്തിന്റെ ആദ്യ പത്ത് ഓവറിനുള്ളില്‍ തന്നെ യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍ (Yashasvi Jaiswal), ശുഭ്മാന്‍ ഗില്‍ (Shubman Gill), രജത് പടിദാര്‍ (Rajat Patidar) എന്നിവരുടെ വിക്കറ്റുകള്‍ ടീം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജയെ (Ravindra Jadeja) കൂട്ടുപിടിച്ച് ഇന്ത്യന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ രോഹിത് മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടുകയും ചെയ്തു.
എട്ട് ഇന്നിങ്സുകള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മ നേടുന്ന ആദ്യത്തെ അര്‍ധസെഞ്ച്വറിയായിരുന്നു ഇത് (Rohit Sharma Half Century After 8 Test Innings). ടെസ്റ്റില്‍ വലിയ ഇന്നിങ്സുകള്‍ കളിക്കാന്‍ രോഹിത് ബുദ്ധിമുട്ട് നേരിടുന്നുവെന്ന പഴി കേള്‍ക്കുന്നതിനിടെയാണ് മത്സരത്തില്‍ ഇന്ത്യന്‍ നായകന്റെ നിര്‍ണായക ബാറ്റിങ് പ്രകടനം. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പ് തന്നെ രോഹിതിന് അര്‍ധസെഞ്ച്വറിയിലേക്ക് എത്താന്‍ സാധിച്ചിരുന്നു.
ഇന്ത്യന്‍ നായകന്റെ ബാറ്റിങ് മികവില്‍ ഒന്നാം ഇന്നിങ്സില്‍ ടീമിന് മികച്ച സ്കോറിലേക്ക് എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. അതേസമയം, അഞ്ചാം നമ്പറില്‍ സ്ഥാനക്കയറ്റം ലഭിച്ച് ബാറ്റിങ്ങിനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും ഇന്ത്യന്‍ നായകന് മികച്ച പിന്തുണ നല്‍കുന്നുണ്ട്. കരുതലോടെ ഇംഗ്ലീഷ് ബൗളര്‍മാരെ നേരിട്ടാണ് ഇരുവരും ഇന്ത്യയ്ക്കായി റണ്‍സ് കണ്ടെത്തുന്നത്.