ഇക്കാലത്ത് സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഇല്ലാത്ത ആളുകള്‍ ഉണ്ടാകുമോ..! എന്നാല്‍ ലോക ഫുട്ബോളിലെ സൂപ്പര്‍ താരത്തിന് സമൂഹമാധ്യമ അക്കൗണ്ട് ഇല്ലായെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസമായിരിക്കും അല്ലേ..കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌പാനിഷ് താരം റോഡ്രിയാണ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‌തനാകുന്നത്.
ആഡംബരത്തിന് പിന്നാലെ പോകാനോ തന്‍റെ സമയം ഓണ്‍ലെെനില്‍ ഇരിക്കാനോ താരത്തിന് താല്‍പര്യം ഇല്ല, കൂടാതെ മറ്റെല്ലാ താരങ്ങളും ചെയ്യുന്നത് പോലെ ടാറ്റുവിലും വിശ്വാസമില്ല. ശരീരത്തിൽ ചെറിയ ടാറ്റു പോലും റോഡ്രി ഇതുവരെ കുത്തിയിട്ടില്ല. മറ്റുള്ളവരെ പോലെ ചീറിപ്പായുന്ന സ്‌പോട്‌സ് കാറുകൾ താരത്തിനില്ല. ഉപയോഗിക്കാൻ ഇടത്തരം കാർ മാത്രമുള്ളു. തന്‍റെ ശമ്പളത്തിന്‍റെ ഒരു ഭാഗം ചാരിറ്റിക്ക് സംഭാവന ചെയ്യുന്നു..അങ്ങനെ നീളുന്നതാണ് റോഡ്രിയെന്ന സൂപ്പര്‍ താരത്തിന്‍റെ പ്രത്യേകതകൾ.
സമൂഹമാധ്യമ അക്കൗണ്ടുമായി ബന്ധപ്പെട്ട തീരുമാനത്തെ പറ്റി റോഡ്രി ബിബിസി അഭിമുഖത്തില്‍ പറഞ്ഞു. 'ഒന്നാമതായി ഞാൻ ഈ തീരുമാനം വളരെ നേരത്തെ എടുത്തതാണ്. സമൂഹമാധ്യമ അക്കൗണ്ടുകള്‍ എനിക്ക് ആവശ്യമില്ലായെന്ന് തോന്നി, എനിക്ക് ചുറ്റും ഒരുപാട് സുഹൃത്തുക്കളുണ്ട്. പാര്‍ക്കില്‍ പോകാനും അവരെ കൂടെ ചിലവഴിക്കാനുമാണ് ഇഷ്‌ടം.
ഓൺലൈനിൽ സുഹൃത്തുക്കളെ തിരയാൻ ഞാൻ ആഗ്രഹിച്ചില്ല. എന്നാല്‍ ചില കാര്യങ്ങള്‍ വേണമെന്ന് സമൂഹത്തിൽ സമ്മർദ്ദമുണ്ടെന്ന് ഞാൻ കരുതുന്നു. ഈ കാര്യങ്ങൾ തീർച്ചയായും എനിക്ക് ആവശ്യമില്ല. എന്‍റെ തീരുമാനത്തിൽ ഖേദിക്കുന്നില്ല, ഞാൻ യഥാർത്ഥ ജീവിതത്തെ സ്നേഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയുമെന്ന് റോഡ്രി വ്യക്തമാക്കി.