മുംബൈ:വനിതാ ടി20യിൽ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി നേടി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്ററായ റിച്ച ഘോഷ്. ഇന്ത്യയും വെസ്റ്റ് ഇൻഡീസ് തമ്മിലുള്ള പരമ്പരയിലെ അവസാന ടി20 ഐയിലാണ് ഘോഷ് സുപ്രധാന നാഴികക്കല്ല് നേടിയത്.
ന്യൂസിലാൻഡ് താരം സോഫിയ ഡിവിൻ, ഓസീസ് താരം ഫോബ് ലിച്ച്‌ഫീൽഡ് എന്നിവരും 18 പന്തിൽ അർധ സെഞ്ച്വറി നേടിയ താരങ്ങളാണ്. 2015ൽ എം ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരെ ഡിവിൻ 18 പന്തിൽ ഫിഫ്റ്റി നേടിയപ്പോൾ ലിച്ച്‌ഫീൽഡ് കഴിഞ്ഞ വർഷം സിഡ്‌നിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയിരുന്നു. റിച്ച ഘോഷ് 18 പന്തിലാണ് തന്‍റെ രണ്ടാം ടി20 ഫിഫ്റ്റിയിലെത്തിയത്.
3 ഫോറും 5 സിക്‌സറും പറത്തിയാണ് താരത്തിന്‍റെ റെക്കോഡ് നേട്ടം. 2019 ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരെ 24 പന്തിൽ അതിവേഗ അർധസെഞ്ചുറി നേടിയ മന്ദാനയുടെ അഞ്ച് വർഷം പഴക്കമുള്ള റെക്കോർഡ് റിച്ച തകർത്തു. റിച്ചയുടെ ക്വിക്ക്‌ഫയർ ഇന്നിംഗ്‌സും മന്ദാനയുടെ ഫയർ വർക്ക്‌സും ചേർന്ന് ടി 20യിലെ ഏറ്റവും വലിയ സ്‌കോർ രേഖപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചു.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യൻ ടീം 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. വിൻഡീസിന്‍റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസിൽ അവസാനിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.
47 പന്തിൽ 77 റൺസ് നേടിയ മന്ദാന മികച്ച ഇന്നിങ്‌സാണ് കളിച്ചത്. താരം പുറത്തായതിന് ശേഷം ജെമിമ റോഡ്രിഗസ് 28 പന്തിൽ 39 റൺസും രാഘ്വി ബിസ്റ്റ് 22 പന്തിൽ പുറത്താകാതെ 31 റൺസും റിച്ച ഘോഷ് 21 പന്തിൽ 54 റൺസും നേടി. ആകെ 7 സിക്‌സറുകൾ ഇന്ത്യക്ക് നേടാനായിയ അതിൽ 5 എണ്ണവും റിച്ചയാണ് അടിച്ചത്. അവസാന ഓവറിന്‍റെ അവസാന പന്തിൽ ആലിയ അലീനെതിരെ സിക്‌സർ പറത്താനുള്ള ശ്രമത്തിനിടെയാണ് താരം പുറത്തായത്.