രാജ്കോട്ട്:വിസ പ്രശ്നങ്ങളെ തുടര്‍ന്ന് ഇംഗ്ലണ്ട് സ്പിന്നര്‍ രേഹന്‍ അഹമ്മദിനെ രാജ്കോട്ട് വിമാനത്തവളത്തില്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. അബുദാബിയിലെ അവധിയാഘോഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ടീം തിരികെ എത്തിയപ്പോഴാണ് സംഭവം. വിസ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം നേരം താരത്തെ വിമാനത്തവളത്തില്‍ തടഞ്ഞതായാണ് റിപ്പോര്‍ട്ട്.
പരമ്പരയിലെ മൂന്നാം മത്സരത്തിനായി അബുദാബിയില്‍ നിന്നും ഇന്നലെയാണ് ഇംഗ്ലണ്ട് ടീം രാജ്കോട്ടില്‍ തിരിച്ചെത്തിയത്. സിംഗിള്‍ എന്‍ട്രി വിസയായിരുന്നു രേഹന്‍ അഹമ്മദിന് ആദ്യം അനുവദിച്ചത്. ഈ സാഹചര്യത്തിലായിരുന്നു താരം രണ്ടാമത്തെ പ്രാവശ്യം ഇന്ത്യയിലേക്ക് എത്തിയപ്പോള്‍ തടഞ്ഞതെന്നുമാണ് ബന്ധപ്പെട്ട അധികൃതര്‍ നല്കുന്ന വിവരം.
തുടര്‍ന്ന്, താത്കാലികമായി താരത്തിന് പ്രവേശനം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് ടീം രാജ്കോട്ടിലെ ഹോട്ടലില്‍ എത്തിയത്. ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം തുടങ്ങുന്നത്.
നേരത്തെ, സ്പിന്നര്‍ ഷൊയ്ബ് ബഷീറിനും വിസ പ്രശ്നങ്ങളെ തുടര്‍ന്ന് പരമ്പരയിലെ ആദ്യ മത്സരം നഷ്ടപ്പെട്ടിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം ആദ്യ ടെസ്റ്റ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു താരം ഹൈദരാബാദില്‍ ടീമിനൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ താരം കളിക്കുകയും ചെയ്തു.