ലാവോസ്: വിയന്‍റിയയിൽ നടന്ന എഎഫ്‌സി അണ്ടർ 20 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്‌ക്ക് പരാജയം. ഇറാനോട് ഒരു ഗോളിനാണ് ഇന്ത്യ വീണത്. 88-ാം മിനിറ്റിൽ യൂസഫ് മസ്‌റേയിലൂടെയാണ് ഇറാന്‍റെ വിജയഗോള്‍ പിറന്നത്. രണ്ട് മത്സരങ്ങളില്‍ ഒരു തോല്‍വിയും ഒരു ജയവുമായി ഇന്ത്യക്ക് മൂന്ന് പോയിന്‍റായി. ബുധനാഴ്‌ച മംഗോളിയയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 4-1ന് ജയിച്ചിരുന്നു.
ആദ്യ കളിയില്‍ എതിരില്ലാത്ത എട്ടുഗോളുകള്‍ക്ക് ഇറാന്‍ ആതിഥേയരായ ലാവോസിനെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ജിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുള്ള ഇറാനു പിന്നിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഞായറാഴ്‌ച ലാവോസിനെതിരെയാണ് ഇന്ത്യന്‍ ടീമിന്‍റെ അവസാന ഗ്രൂപ്പ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 2.30ന് ആണ് മത്സരം.
കഴിഞ്ഞ മാസം സാഫ് അണ്ടർ 20 ചാമ്പ്യൻഷിപ്പില്‍ സെമിയിൽ ബംഗ്ലാദേശിനെതിരെ പെനാൽറ്റിയിൽ പരാജയപ്പെട്ടതിന് ശേഷം എഎഫ്‌സി യോഗ്യതാ മത്സരത്തില്‍ മികച്ച തുടക്കമായിരുന്നു ഇന്ത്യ നല്‍കിയത്. ഓരോ ഗ്രൂപ്പിലെയും മുൻനിര ടീമുകളും 10 ഗ്രൂപ്പുകളിൽ നിന്ന് രണ്ടാം സ്ഥാനക്കാരായ അഞ്ച് മികച്ച ടീമുകളും അടുത്ത വർഷം ചൈനയിൽ നടക്കുന്ന ടൂർണമെന്‍റിന് യോഗ്യത നേടും.
Also Read: സൂപ്പർ ലീഗ് കേരളയില്‍ ഇന്ന് ഫോഴ്‌സ- കൊമ്പൻസ് പോരാട്ടം - Super League Kerala