കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഇന്ന് ഫോഴ്‌സ കൊച്ചി തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 ആണ് കിക്കോഫ്. തോല്‍വിയറിയാതെ മുന്നേറുന്ന കൊമ്പന്‍സ് ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതാകും.
മൂന്ന് കളികളില്‍ രണ്ട് സമനിലയും ഒരു വിജയമായി അഞ്ച് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് കൊമ്പന്‍സ്. മത്സരത്തില്‍ മിഡ്‌ഫീൽഡിൽ മാറ്റങ്ങളുണ്ടാകുമെന്നും പാസിലെ അപാകതകൾ പരിഹരിക്കുമെന്നും ട്രിവാൻഡ്രം കൊമ്പൻസ് കോച്ച് സെർജിയോ അലെക്‌സാൻഡ്രോ നേരത്തെ പറഞ്ഞിരുന്നു. മൂന്നാം റൗണ്ട് മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ 1-1ന് കൊമ്പന്‍സ് സമനിലയില്‍ തളച്ചിരുന്നു.
ലീഗിലെ ആദ്യ ജയം മോഹിച്ചാണ് കൊച്ചി കളത്തിലിറങ്ങുന്നത്. മൂന്ന് കളികളില്‍ രണ്ട് സമനിലയും ഒരു തോല്‍വിയും അക്കൗണ്ടിലുള്ള കൊച്ചി സ്വന്തം ഗ്രൗണ്ടില്‍ ഏതുവിധേനയും വിജയിക്കാനുള്ള ശ്രമത്തിലാണ്. ആകെ 6 ടീമുകളുള്ള ലീഗിലെ പോയിന്‍റ് പട്ടികയിൽ 5 –ാം സ്ഥാനത്താണ് കൊച്ചി. ലീഗിൽ സജീവമായി നിലനിൽക്കാൻ കൊച്ചിക്കു ഇന്ന് ജയിച്ചേ പറ്റൂ. ഉദ്ഘാടന മത്സരത്തിൽ കൊച്ചി മലപ്പുറത്തോട് തോറ്റിരുന്നു. ആഫ്രിക്കൻ താരങ്ങളാൽ സമ്പന്നമായ കൊച്ചി ബ്രസീലിയന്‍ താരപ്പടയുടെ പ്രതിരോധത്തെ മുന്നേറുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. മുൻ ഇന്ത്യൻതാരം ജോ പോൾ അഞ്ചേരിയാണ് ഫോഴ്‌സ കൊച്ചിയുടെ സഹപരിശീലകന്‍.
കളിയുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്‌പോർട്‌സ് 1ൽ ലഭ്യമാണ്. വെബ്‌സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡിൽ ഈസ്റ്റിൽ ഉള്ളവർക്ക് മനോരമ മാക്‌സിലും മത്സരങ്ങൾ കാണാം.
Also Read: മഴ കളിമുടക്കി; ഇന്ത്യ- ബംഗ്ലാദേശ് മത്സരം നിര്‍ത്തിവച്ചു - India Bangladesh match