ബെംഗളുരു:ഐപിഎൽ പതിനേഴാം പതിപ്പിൽ ചെന്നൈ സൂപ്പർ കിങ്സിന് മടക്കടിക്കറ്റ് നൽകി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേഓഫിൽ. പ്ലേഓഫ് ബെർത്ത് ഉറപ്പിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 18 റൺസ് മാർജിനിലുള്ള ജയം ആയിരുന്നു ആർസിബിയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ, നിർണായക മത്സരത്തിൽ ചെന്നൈക്കെതിരെ 27 റൺസിന് ആയിരുന്നു ബെംഗളുരുവിന്‍റെ ജയം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ആർസിബി 219 റൺസിന്‍റെ വിജയലക്ഷ്യമാണ് ചെന്നൈക്ക് മുന്നിൽ വച്ചത്. ഇതിൽ 201 റൺസ് നേടാൻ സാധിച്ചിരുന്നെങ്കിൽ ചെന്നൈക്ക് പ്ലേഓഫിന് യോഗ്യത നേടാൻ കഴിയുമായിരുന്നു. എന്നാൽ, മറുപടി ബാറ്റിങ്ങിൽ സിഎസ്കെയുടെ പോരാട്ടം 191 റൺസിൽ അവസാനിക്കുകയായിരുന്നു.
അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും (22 പന്തില്‍ 42*) എംഎസ് ധോണിയും (13 പന്തില്‍ 25) പൊരുതി നോക്കിയെങ്കിലും 10 റൺസ് അകലെ ചെന്നൈയുടെ പ്ലേഓഫ് മോഹങ്ങളും തകരുകയാണുണ്ടായത്. പ്ലേഓഫ് ഉറപ്പിക്കാൻ 35 റൺസ് ആയിരുന്നു അവസാനത്തെ രണ്ട് ഓവറിൽ ചെന്നൈക്ക് വേണ്ടിയിരുന്നത്. 19-ാം ഓവർ എറിയാൻ എത്തിയ ലോക്കി ഫെർഗൂസൻ വിട്ടുകൊടുത്തത് 18 റൺസ്.
ഇതോടെ ആർസിബി ക്യാമ്പിൽ ആശങ്ക. നിർണായകമായ ഇരുപതാം ഓവറിൽ പന്ത് എറിയാനുള്ള ദൗത്യം ഫാഫ് ഡുപ്ലെസിസ് ഏൽപ്പിച്ചത് യാഷ് ദയാലിനെ. ഓവറിലെ ആദ്യ പന്തിലെ ദയാലിന്‍റെ യോർക്കാർ ശ്രമം ധോണി 110 മീറ്റർ സിക്‌സർ പറത്തി.
എന്നാൽ, അടുത്ത പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച ധോണിയെ ഡീപ് സ്‌ക്വയർ ലെഗിൽ സ്വപ്‌നിൽ സിങ് പിടികൂടി. അവസാന നാല് പന്തിൽ പ്രതിരോധിക്കേണ്ടത് 11 റൺസ്. ഒൻപതാം നമ്പറിൽ ക്രീസിൽ എത്തിയ ശർദുൽ താക്കൂറിന് നേരിട്ട ആദ്യ പന്തിൽ റൺസ് ഒന്നും നേടാൻ സാധിച്ചില്ല.
അടുത്ത പന്തിൽ സിംഗിൾ എടുത്ത താക്കൂർ സ്ട്രൈക്ക് ജഡേജയ്ക്ക് കൈമാറി. കഴിഞ്ഞ ഫൈനലിലേതിന് സമാനമായി അവസാന രണ്ട് പന്തിൽ 10 റൺസ് ആയിരുന്നു ജഡേജയ്ക്ക് നേടാൻ വേണ്ടിയിരുന്നത്. എന്നാൽ, ഓഫ്‌പേസ് ഡെലിവറികളിലൂടെ ദയാൽ ജഡേജയെ പിടിച്ചുകെട്ടി ആർസിബിയ്ക്ക് ജയവും പ്ലേഓഫ് ടിക്കറ്റും നേടികൊടുക്കുകയായിരുന്നു.
219 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിങ്സിലെ ആദ്യപന്തിൽ തന്നെ ക്യാപ്റ്റൻ റിതുരാജ് ഗെയ്‌ക്‌വാദ് ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെ പന്തിൽ പുറത്ത്. ഡാരിൽ മിച്ചലിനും (4) തിളങ്ങൻ സാധിച്ചില്ല.
പവർപ്ലേയിൽ 19-2 എന്ന നിലയിലേക്ക് വീണ ചെന്നൈയെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത് രചിൻ രവീന്ദ്ര (37 പന്തില്‍ 61) അജിങ്ക്യ രാഹാനെ (22 പന്തില്‍ 33) സഖ്യത്തിന്‍റെ 66 റൺസ് കൂട്ടുകെട്ടാണ്. ശിവം ദുബെ (7), മിച്ചൽ സാന്‍റ്‌നര്‍ (4) എന്നിവരും നിരാശപ്പെടുത്തി. ബെംഗളൂരുവിന് വേണ്ടി യാഷ് ദയാല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ബെംഗളൂരു നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 218 റണ്‍സ് നേടിയത്. വിരാട് കോലിയും ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് മികച്ച തുടക്കമാണ് ആര്‍സിബിയ്‌ക്ക് സമ്മാനിച്ചത്. ഇടയ്‌ക്ക് മഴയെത്തി മത്സരം അല്‍പം തടസപ്പെടുത്തിയതിന് പിന്നാലെ ചിന്നസ്വാമിയില്‍ ബാറ്റിങും ദുഷ്‌കരമായി. എന്നാല്‍, കരുതലോടെ ചെന്നൈ ബൗളര്‍മാരെ നേരിട്ടാണ് പിന്നീട് കോലി-ഫാഫ് സഖ്യം സ്കോര്‍ ഉയര്‍ത്തിയത്
ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 47 റണ്‍സ് നേടിയ കോലിയെ മടക്കി മിച്ചല്‍ സാന്‍റ്‌നര്‍ ആയിരുന്നു സിഎസ്‌കെയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. അര്‍ധസെഞ്ച്വറിയടിച്ച ഫാഫ് ഡുപ്ലെസിസ് (39 പന്തില്‍ 54) മത്സരത്തിന്‍റെ 13-ാം ഓവറില്‍ നിര്‍ഭാഗ്യം കൊണ്ട് പുറത്തായി.
രജത് പടിദാറും (41) കാമറൂണ്‍ ഗ്രീനും (38*) ചേര്‍ന്നാണ് പിന്നീട് ആര്‍സിബി സ്കോര്‍ ഉയര്‍ത്തിയത്. 18-ാം ഓവറില്‍ പടിദാര്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് (6 പന്തില്‍ 14), ഗ്ലെൻ മാക്‌സ്‌വെല്‍ (5 പന്തില്‍ 16) എന്നിവരും തകര്‍ത്തടിച്ചതോടെയാണ് ആര്‍സിബി 218 റണ്‍സിലേക്ക് എത്തിയത്. മത്സരത്തില്‍ ചെന്നൈയ്‌ക്കായി ശര്‍ദുല്‍ താക്കൂര്‍ രണ്ടും തുഷാര്‍ ദേശ്‌പാണ്ഡെ, സാന്‍റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Also Read :രോഹിത് ഇനി മുംബൈക്കൊപ്പമുണ്ടാവുമോ?; മറുപടിയുമായി പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ - Mark Boucher On Rohit Sharma