ജാംനഗര്‍:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും (Ravindra Jadeja) ഭാര്യയും ബിജെപി എംഎല്‍യുമായ റിവാബയ്ക്കും (Rivaba Jadeja ) എതിരെ രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിൻഹ് ജഡേജ (Anirudhsinh Jadeja). മകനുമായി തനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ല. റിവാബയുമായുള്ള രവീന്ദ്ര ജഡേജയുടെ വിവാഹത്തിന് ശേഷമാണ് കുടുംബം ശിഥിലമായതെന്നുമാണ് അനിരുദ്ധ്‌സിൻഹ് പറഞ്ഞിരിക്കുന്നത്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതു സംബന്ധിച്ച് ജഡേജയുടെ പിതാവിന്‍റെ വാക്കുകള്‍ ഇങ്ങിനെ,... "സത്യസന്ധമായി പറയുകയാണെങ്കില്‍ രവീന്ദ്ര ജഡേജയും ഭാര്യയായ റിബാവയും തമ്മില്‍ എനിക്കിപ്പോള്‍ യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ അവരെയോ, അവര്‍ ഞങ്ങളെയോ ബന്ധപ്പെടാറില്ല.
അവരുടെ വിവാഹം കഴിഞ്ഞ് രണ്ടോ -മൂന്നോ മാസങ്ങൾക്ക് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഞാനിപ്പോള്‍ തനിച്ച് ജാംനഗറിലാണ് താമസിക്കുന്നത്. ഇതേ നഗരത്തിൽ അവന്‍റെ സ്വന്തം ബംഗ്ലാവിലാണ് രവീന്ദ്ര ജഡേജ താമസിക്കുന്നത്. പക്ഷേ, എനിക്ക് അവനെ കാണാന്‍ കഴിയാറില്ല. അവനില്‍ എന്ത് തന്ത്രമാണ് അവള്‍ പ്രയോഗിച്ചതെന്ന് എനിക്ക് അറിയില്ല"- അനിരുദ്ധ് സിൻഹ് പറഞ്ഞു.
തന്‍റെ കുടുംബത്തില്‍ ഭിന്നതയുണ്ടാക്കിയത് റിവാബയാണെന്നും ജഡേജയുടെ പിതാവ് ആരോപിച്ചു. "അവന്‍ എന്‍റെ മകനാണ്. ഇതെല്ലാം എന്‍റെ ഹൃദയം പൊള്ളിക്കുന്നതാണ്. അവന്‍ ആ വിവാഹം കഴിച്ചിരുന്നില്ലെങ്കില്‍ എന്ന് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നു.
അവനൊരു ക്രിക്കറ്റര്‍ ആയിരുന്നില്ലെങ്കിലും നന്നായിരുന്നു. അങ്ങനെയെങ്കിൽ ഞങ്ങൾക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വരില്ലായിരുന്നു. വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസത്തിനുള്ളില്‍, എല്ലാം തന്നെ തന്‍റെ പേരിലേക്ക് മാറ്റണമെന്ന് അവള്‍ എന്നോട് പറഞ്ഞു. അവള്‍ ഞങ്ങളുടെ കുടുംബത്തില്‍ വിള്ളലുണ്ടാക്കി. അവൾക്ക് കുടുംബം വേണ്ട. സ്വതന്ത്ര ജീവിതമാണ് അവള്‍ ആഗ്രഹിക്കുന്നത്. എനിക്ക് തെറ്റുപറ്റാം, ഇനി നൈനബക്കും (രവീന്ദ്രയുടെ സഹോദരി) തെറ്റ് പറ്റിയേക്കാം. എന്നാല്‍ ഞങ്ങളുടെ കുടുംബത്തിലെ 50 പേരും എങ്ങനെയാണ് തെറ്റു ചെയ്യുക. ആരെങ്കിലും ഇതൊന്ന് എന്നോട് പറഞ്ഞു തരൂ.
അവള്‍ക്ക് കുടുംബത്തിലെ ആരുമായും ബന്ധമില്ല. വെറും വെറുപ്പ് മാത്രമേയുള്ളൂ. എനിക്ക് ഒന്നും തന്നെ മറച്ചുവയ്‌ക്കാനില്ല. അഞ്ച് വർഷമായി ഞങ്ങൾ ഞങ്ങളുടെ പേരമകളുടെ മുഖം പോലും കണ്ടിട്ടില്ല. എല്ലാം കൈകാര്യം ചെയ്യുന്നത് അവന്‍റെ അമ്മായിയമ്മയാണ്. എല്ലാത്തിലും അവര്‍ ഇടപെടുന്നു. ഒരു ബാങ്ക് തന്നെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണവര്‍ "- അനിരുദ്ധ്‌സിൻഹ് പറഞ്ഞു.
ALSO READ:വലിയ പിഴവ് പറ്റി, കോലിയുടെ കുടുംബത്തില്‍ സംഭവിക്കുന്നത് ആര്‍ക്കും അറിയില്ല; യൂടേണെടുത്ത് ഡിവില്ലിയേഴ്‌സ്
2016 ഏപ്രിലിലാണ് രവീന്ദ്ര ജഡേജ -റിവാബ വിവാഹം നടന്നത്. രാജ്‌കോട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങളുകള്‍ നടന്നത്. 2022-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജിപി ടിക്കറ്റില്‍ ജാംനഗര്‍ നോര്‍ത്തില്‍ നിന്ന് വിജയിച്ചാണ് റിവാബ എംഎല്‍എ ആയത്. 57 ശതമാനം വോട്ടുകള്‍ നേടിയായിരുന്നു 33-കാരിയുടെ വിജം.
അതേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജ നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ കഴിഞ്ഞാല്‍ താരം ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കിറങ്ങും.