രാജ്‌കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ (India vs England 3rd Test) ഇന്ത്യയുടെ റെക്കോഡ് വിജയത്തില്‍ നിര്‍ണായകമായി മാറാന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് (Ravindra Jadeja) കഴിഞ്ഞിരുന്നു. സെഞ്ചുറിയും പിന്നീട് അഞ്ച് വിക്കറ്റ് പ്രകടനമുള്‍പ്പെടെ നടത്തിയാണ് രവീന്ദ്ര ജഡേജ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പ്രകടനത്തോടെ കളിയിലെ താരമാകാനും ലോക്കല്‍ ബോയ് ആയ 35-കാരന് കഴിഞ്ഞിരുന്നു.
തനിക്ക് ലഭിച്ച പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഭാര്യ റിബാവയ്‌ക്കാണ് (Rivaba Jadeja) താരം സമര്‍പ്പിച്ചിരിക്കുന്നത്. അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം ഇതു സംബന്ധിച്ച ജഡേജയുടെ വാക്കുകള്‍ ഇങ്ങനെ.....
"ഒരു ടെസ്റ്റ് മത്സരത്തില്‍ തന്നെ സെഞ്ചുറിയും അഞ്ച് വിക്കറ്റും നേടാന്‍ കഴിഞ്ഞു എന്നത് സന്തോഷകരമായ കാര്യമാണ്. എന്‍റെ ഹോം ഗ്രൗണ്ടില്‍ ലഭിച്ച ഈ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ഏറെ സ്പെഷ്യലാണ്. ഈ അവാര്‍ഡ് എന്‍റെ ഭാര്യയ്‌ക്ക് സമര്‍പ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് വേണ്ടി അവള്‍ തിരശീലയ്‌ക്ക് പിന്നില്‍ മാനസികമായി ഏറെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എപ്പോഴും ആത്മവിശ്വാസം നല്‍കുന്നതും അവളാണ്"- രവീന്ദ്ര ജഡേജ പറഞ്ഞു.
ജഡേജയുടെ ഭാര്യയും ബിജെപി എംഎല്‍എയുമായ റിവാബയ്‌ക്ക് എതിരെ താരത്തിന്‍റെ പിതാവ് അനിരുദ്ധ്‌സിൻഹ ജഡേജ (Anirudhsinh Jadeja) അടുത്തിടെ രംഗത്ത് എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. റിവാബയുമായുള്ള ജഡേജയുടെ വിവാഹത്തിന് ശേഷം തങ്ങളുടെ കുടുംബം ശിഥിലമായി എന്നായിരുന്നു ഒരു അഭിമുഖത്തില്‍ അനിരുദ്ധ്‌സിൻഹ ജഡേജ പറഞ്ഞത്. തനിക്കിപ്പോള്‍ രവീന്ദ്ര ജഡേജയും ഭാര്യ റിവാബയുമായി യാതൊരു ബന്ധവുമില്ല.