തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ (Ranji Trophy) സീസണിലെ ആദ്യ വിജയവുമായി കേരളം. തുമ്പ സെന്‍റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബംഗാളിനെ 109 റണ്‍സിനാണ് കേരളം കീഴടക്കിയത്. രണ്ടാം ഇന്നിങ്‌സിന് ശേഷം കേരളം ഉയര്‍ത്തിയ 449 റണ്‍സിന്‍റെ വമ്പന്‍ വിജയ ലക്ഷ്യം പന്തുടര്‍ന്ന ബംഗാള്‍ നാലാം ദിനത്തിന്‍റെ അവസാന സെഷനില്‍ 339 റണ്‍സിന് പുറത്താവുകയായിരുന്നു. സ്കോര്‍: കേരളം 363, 265-6d, ബംഗാള്‍, 180, 339.
ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുകളും വീഴ്‌ത്തിയ ജലജ് സക്‌സേനയ്‌ക്ക് (Jalaj Saxena) മുന്നിലാണ് ബംഗാള്‍ കറങ്ങി വീണത്. 100 പന്തുകളില്‍ 80 റണ്‍സടിച്ച ഷഹ്‌ബാസ് അഹമ്മദാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗാളിന്‍റെ ടോപ് സ്‌കോറര്‍. രണ്ടിന് 78 റണ്‍സ് എന്ന നിലയിലാണ് ബംഗാള്‍ ഇന്ന് തങ്ങളുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്.
അന്‍സ്‌തുപ് മജുംദാറി (51 പന്തില്‍ 16) തുടക്കം തന്നെ സ്വന്തം പന്തില്‍ ജലജ് പിടികൂടിയെങ്കിലും അര്‍ധ സെഞ്ചുറിയുമായി അഭിമന്യു ഈശ്വരൻ ഭീഷണി ഉയര്‍ത്തി. ക്യാപ്റ്റന്‍ മനോജ് തിവാരിയ്‌ക്കൊപ്പം കൂട്ടുകെട്ടിന് ശ്രമിച്ച അഭിമന്യു ഈശ്വരനെ (119 പന്തില്‍ 65) ജലജ് തന്നെ മടക്കിയത് കേരളത്തിന് ആശ്വാസമായി. പിന്നാലെ അഭിഷേക് പോറെലിനെ (18 പന്തില്‍ 28) ശ്രേയസ് ഗോപാലും മടക്കിയതോടെ ബംഗാള്‍ പ്രതിരോധത്തിലായി.
എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച മനോജ് തിവാരിയും ഷഹബാസ് അഹമ്മദും മികച്ച രീതിയില്‍ കളിച്ചു. അപകടകരമായി മാറുകയായിരുന്ന കൂട്ടുകെട്ട് സക്‌സേനയാണ് പൊളിച്ചത്. മനോജ് തിവാരി (69 പന്തില്‍ 35) സഞ്‌ജു സാംസണിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. ഇതോടെ വേഗം കളി തീര്‍ത്താന്‍ കേരളം കൊതിച്ചുവെങ്കിലും ഷഹ്‌ബാസ് അഹമ്മദും കരണ്‍ ലാലും ചേര്‍ന്ന് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു.