വര്‍ഷം 2007, പോര്‍ട്ട് ഓഫ് സ്പെയിൻ ക്വീൻസ് പാര്‍ക്ക് ഓവലിലെ ഡ്രസിങ് റൂമിന് പുറത്ത് നിരാശരായിരിക്കുന്ന രാഹുല്‍ ദ്രാവിഡും സംഘവും... ഇന്ത്യൻ ക്രിക്കറ്റിനെ അത്രയേറെ സ്നേഹിക്കുന്നവരാരും തന്നെ ഈയൊരു കാഴ്‌ച മറക്കാനിടയില്ല. വെസ്റ്റ് ഇൻഡീസ് ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റ് ആദ്യ റൗണ്ട് പോലും കടക്കാതെയാണ് അന്ന് രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങിയത്.
സച്ചിൻ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, എംഎസ് ധോണി, സഹീര്‍ ഖാൻ... അങ്ങനെ കരുത്തന്മാരെല്ലാം അടങ്ങിയ ഇന്ത്യൻ നിരയായിരുന്നു താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിന് മുന്നില്‍പ്പോലും വീണത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ താരങ്ങള്‍ക്ക് നേരെ പോര്‍മുഖം തുറന്ന സമയം കൂടിയായിരുന്നു അത്. ഇന്ത്യയിലെ പ്രധാന നരഗങ്ങളില്‍ എല്ലാം തന്നെ പ്രതിഷേധം ആളിക്കത്തി. താരങ്ങളുടെ വീടിന് നേരെ ആക്രമണം, താരങ്ങളുടെ ചിത്രങ്ങളും കോലവും കത്തിച്ച് ആരാധകര്‍ പ്രതിഷേധിച്ചു. നായകനായ ദ്രാവിഡ് സ്ഥാനമൊഴിയണമെന്ന് പലരും അന്ന് ആവശ്യമുയര്‍ത്തി.
രാഹുല്‍ ദ്രാവിഡ് എന്ന ഇന്ത്യയുടെ വിശ്വസ്‌ത താരത്തെ കുറ്റപ്പെടുത്തലുകള്‍ മൂടി. അപമാന ഭാരം പേറി അദ്ദേഹം കടന്നുപോയത് വര്‍ഷങ്ങളാണ്. ഇന്ന് നീണ്ട 17 വര്‍ഷങ്ങള്‍ക്കിപ്പുറം അവയ്‌ക്കെല്ലാം തന്‍റെ കണ്ണുനീര്‍ വീണ മണ്ണില്‍ നിന്നും ടി20 ലോകകിരീടം ഉയര്‍ത്തി മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. നായകനായി ചെയ്യാനാകാതിരുന്നത് പരിശീലകനായി അദ്ദേഹം ചെയ്‌തുകാട്ടിയിരിക്കുകയാണ്.