മുംബൈ: പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിനിടെ കുടിക്കാന്‍ വെള്ളമില്ലെന്ന് കാണികളുടെ പരാതി ഉയര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് മുംബൈയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് കാണികൾക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ഉറപ്പ് വരുത്തിയെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ജലക്ഷാമം ചർച്ചാ വിഷയമായതിനെ തുടര്‍ന്നാണ് നടപടി.
നവംബർ 1 മുതൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് സൗത്ത് മുംബൈയിലെ ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയം വേദിയാകും. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡ് 2-0ന് അപരാജിത ലീഡ് നേടി. മത്സരം നടക്കുന്ന അഞ്ച് ദിവസങ്ങളിലും കാണികൾക്ക് സൗജന്യമായി വെള്ളം നൽകുമെന്ന് എംസിഎ സെക്രട്ടറി അഭയ് ഹഡപ് ഇടിവി ഭാരതിനോട് പറഞ്ഞു.
'ഇത്തവണ കുടിവെള്ളം സാധാരണയേക്കാൾ ഒന്നര മടങ്ങ് കൂടുതലാണെന്ന് ഞങ്ങൾ ഉറപ്പാക്കി. ഓരോ തവണയും പ്രതിദിനം 20 ലിറ്ററിന്‍റെ 550 ജാറുകളാണ് ഓർഡർ ചെയ്യുക, എന്നാൽ ഇത്തവണ പ്രതിദിനം 20 ലിറ്ററിന്‍റെ 750 ജാറുകൾ ഓർഡർ ചെയ്തിട്ടുണ്ട്. അതിനാൽ സ്റ്റേഡിയത്തിൽ കാണികൾക്ക് ആവശ്യത്തിന് കുടിവെള്ളം ലഭ്യമാകും. കളി കാണാനെത്തുന്ന കാണികളുടെ സൗകര്യാർത്ഥം സ്റ്റാൻഡിന് താഴെ വാട്ടർ സ്റ്റാളുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.