കേരളം

kerala

ETV Bharat / sports

'500നും 501നും ഇടയില്‍ ഞങ്ങളുടെ ജീവിതത്തിലെ ദൈര്‍ഘ്യമേറിയ 48 മണിക്കൂറുകള്‍' ; ഹൃദയം തൊടുന്ന കുറിപ്പുമായി പ്രീതി - ആര്‍ അശ്വിന്‍

ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ എന്ന അശ്വിന്‍റെ ചരിത്ര നേട്ടം നിശബ്‌ദമായി കടന്നുപോയെന്ന് ഭാര്യ പ്രീതി

Prithi Narayanan  R Ashwin  R Ashwin Test Record  ആര്‍ അശ്വിന്‍  പ്രീതി നാരായണന്‍
R Ashwin s wife Prithi Narayanan pens emotional note for her husband

By ETV Bharat Kerala Team

Published : Feb 19, 2024, 1:57 PM IST

രാജ്‌കോട്ട് : ഇംഗ്ലണ്ടിന്‍റെ ആദ്യ വിക്കറ്റ് വീഴ്‌ത്തി ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റുകളെന്ന ചരിത്രമെഴുതിച്ചേര്‍ക്കാന്‍ ഇന്ത്യന്‍ ഓഫ്‌ സ്‌പിന്നര്‍ ആര്‍ അശ്വിന് (R Ashwin) കഴിഞ്ഞിരുന്നു (Rajkot Test). രാജ്‌കോട്ട് ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ ഇംഗ്ലീഷ്‌ ഓപ്പണര്‍ സാക്ക് ക്രൗളിയെ ഇരയാക്കിക്കൊണ്ടായിരുന്നു അശ്വിന്‍ ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇതിന് പിന്നാലെ തന്നെ അശ്വിന് രാജ്‌കോട്ടില്‍ നിന്നും നാട്ടിലേക്ക് തിരികെ മടങ്ങേണ്ടി വന്നു.

കുടുംബത്തില്‍ അടിയന്തര സാഹചര്യമുള്ളതിനാലാണ് 37-കാരന്‍ നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു ബിസിസിഐ അറിയിച്ചത്. അമ്മയ്ക്ക് അസുഖം ബാധിച്ചതിനാലായിരുന്നു താരത്തിന്‍റെ മടക്കമെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്ത് വന്നിരുന്നു. എന്നാല്‍ ഒരു ദിനത്തിന്‍റെ ഇടവേളയില്‍ നാട്ടില്‍ നിന്നും തിരികെ എത്തിയ അശ്വിന്‍ നാലാം ദിനം ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങി.

ആറ് ഓവറുകള്‍ എറിഞ്ഞ് വെറും 19 റണ്‍സ് മാത്രം വഴങ്ങിയ താരം തന്‍റെ 501-ാം വിക്കറ്റ് നേടുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഏറെ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അശ്വിന്‍റെ ഭാര്യ പ്രീതി നാരായണന്‍ (Prithi Narayanan). ടെസ്റ്റില്‍ അശ്വിന്‍റെ 500-ാമത്തേയും 501-ാമത്തേയും വിക്കറ്റുകള്‍ക്ക് ഇടയില്‍ തങ്ങളുടെ ജീവിതത്തില്‍ ഏറെ കാര്യം സംഭവിച്ചുവെന്നാണ് പ്രീതി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

താരത്തിന്‍റെ 500 വിക്കറ്റ് നേട്ടം ഏറെ നിശബ്‌ദമായി കടന്നുപോയെന്നാണ് പ്രീതിയുടെ വാക്കുകള്‍. "ഹൈദരാബാദ് ടെസ്റ്റില്‍ അശ്വിന്‍ 500 വിക്കറ്റുകള്‍ തികയ്ക്കുമെന്ന് കരുതി. അതുണ്ടായില്ല. പിന്നീട് വിശാഖപട്ടണത്തും അതുണ്ടായില്ല. അതിനാല്‍ 499-ല്‍ത്തന്നെ ഏറെ മിഠായികള്‍ വാങ്ങിയ ഞാന്‍ അത് വീട്ടിലെ ഓരോര്‍ത്തര്‍ക്കുമായി വിതരണം ചെയ്‌തു. എന്നാല്‍ ഏറെ നിശബ്‌ദമായാണ് 500-ാം വിക്കറ്റ് വന്നത്.

500-ാമത്തേയും 501-ാമത്തേയും വിക്കറ്റുകള്‍ക്ക് ഇടയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ഞങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ 48 മണിക്കൂറുകള്‍. ഇത് 500-ാറാമത്തേതിനെക്കുറിച്ചാണ്. 499 അതിന് മുന്നെയുള്ളതാണ്. എന്തൊരു അത്ഭുതകരമായ നേട്ടം. എന്തൊരു അസാമാന്യമായ പ്രതിഭ. അശ്വിന്‍ നിന്നെക്കുറിച്ച് ഞാൻ ഏറെ അഭിമാനിക്കുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു" - പ്രീതി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.

അതേസമയം 500 വിക്കറ്റുകള്‍ വീഴ്‌ത്തുന്ന ഒമ്പതാമത്തെ ബോളറും രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് അശ്വിന്‍. (R Ashwin Test Record) 98 ടെസ്റ്റുകളില്‍ നിന്നാണ് 37-കാരനായ അശ്വിന്‍ 500 വിക്കറ്റുകൾ എന്ന ചരിത്ര നാഴികക്കല്ലിലേക്ക് എത്തിയത്. 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റുകൾ വീഴ്‌ത്തിയ അനില്‍ കുംബ്ലെയാണ് പട്ടികയില്‍ അശ്വിന് മുന്നെ ഇടം ലഭിച്ചിട്ടുള്ളത്.

ALSO READ: ഇതവള്‍ക്ക് മാത്രം; രാജ്‌കോട്ടിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് റിവാബയ്‌ക്ക് സമര്‍പ്പിച്ച് ജഡേജ

മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708), ജെയിംസ് ആൻഡേഴ്‌സൺ (696*), സ്റ്റുവർട്ട് ബ്രോഡ് (604), ഗ്ലെൻ മഗ്രാത്ത് (563), കോൾട്‌ണി വാല്‍ഷ് (519), നഥാൻ ലിയോൺ (517*) എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍.

ABOUT THE AUTHOR

...view details