ധരംശാല:ഐപില്ലില്‍ പഞ്ചാബ് കിങ്‌സിനും ആര്‍സിബിയ്‌ക്കും ഇന്ന് ജീവൻമരണപ്പോരാട്ടം. ധരംശാലയില്‍ രാത്രി ഏഴരയ്‌ക്കാണ് കളി തുടങ്ങുക. 11 മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റ് സ്വന്തമായുള്ള ഇരു കൂട്ടര്‍ക്കും മുന്നില്‍ പ്ലേഓഫ് വാതിലുകള്‍ പൂര്‍ണമായി അടയാതിരിക്കാൻ ജയിച്ചേ മതിയാകൂ.
ചെന്നൈയോട് ആദ്യ കളി തോറ്റ് തുടങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അടുത്ത മത്സരത്തില്‍ പഞ്ചാബിനെ വീഴ്‌ത്തിയാണ് സീസണിലെ ആദ്യ പോയിന്‍റ് സ്വന്തമാക്കിയത്. ഇതിന് ശേഷം ഫാഫ് ഡുപ്ലെസിസിനും സംഘത്തിനും കഷ്‌ടകാലമായിരുന്നു. തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ പരാജയപ്പെട്ടതോടെ പോയിന്‍റ് പട്ടികയില്‍ താഴേക്കും കൂപ്പുകുത്തി.
എന്നാല്‍, ഇപ്പോള്‍ തിരിച്ചുവരവിന്‍റെ പാതയിലാണ് ബെംഗളൂരു. കഴിഞ്ഞ മൂന്ന് കളിയിലും ജയിച്ച അവര്‍ക്ക് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് എത്താനും സാധിച്ചു.
തുടര്‍ തോല്‍വികളില്‍ നിന്നും തിരിച്ചുവന്നവരാണ് പഞ്ചാബ്. നിലവില്‍ ആര്‍സിബിയ്‌ക്ക് പിന്നിലായി എട്ടാം സ്ഥാനക്കാരാണ് പഞ്ചാബ് കിങ്സ്. കഴിഞ്ഞ കളിയില്‍ ചെന്നൈയോട് പരാജയപ്പെട്ടെങ്കിലും ഇന്ന് ആര്‍സിബിയെ വീഴ്‌ത്തി വിജയവഴിയിലേക്ക് തിരികെയെത്താനാകും സാം കറന്‍റെയും സംഘത്തിന്‍റെയും ശ്രമം.
ധരംശാലയിലെ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ ഏറെക്കുറെ തുല്യശക്തികളാണ് ആര്‍സിബിയും പഞ്ചാബും. റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള വിരാട് കോലിയാണ് ആര്‍സിബിയുടെ പ്രതീക്ഷ. നായകൻ ഫാഫ് ഡുപ്ലെസിസും, വില്‍ ജാക്‌സും തകര്‍ത്തടിച്ചാല്‍ ബെംഗളൂരുവിന് പേടിക്കേണ്ടി വരില്ല.
അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ പ്രകടനവും നിര്‍ണായകമാകും. ഗ്ലെൻ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീൻ എന്നിവരുടെ മോശം ഫോമും രജത് പടിദാറിന്‍റെ സ്ഥിരതയില്ലായ്‌മുമാണ് ടീമിന് തലവേദന. മറുവശത്ത്, തുടക്കം മുതല്‍ ഒടുക്കം വരെ തകര്‍ത്തടിക്കാൻ കെല്‍പ്പുള്ളവരുണ്ട് പഞ്ചാബിനൊപ്പം.
ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ കത്തിക്കയറിയാല്‍ പഞ്ചാബിന് പേടിക്കേണ്ടി വരില്ല. അഷുതോഷ് ശര്‍മയും ശശാങ്ക് സിങ്ങും മികവിലേക്ക് വന്നാല്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് പഞ്ചാബിനെ പൂട്ടാൻ പാടുപെടേണ്ടിവരും. ക്യാപ്റ്റൻ സാം കറന്‍റെ ഓള്‍റൗണ്ട് മികവും പഞ്ചാബിന് നിര്‍ണായകം.
ബൗളിങ്ങില്‍ പഞ്ചാ്ബിനാണ് അല്‍പം മേല്‍ക്കൈ. ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ആര്‍സിബി ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയായേക്കും. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനമികവ് ആവര്‍ത്തിക്കാനായിരിക്കും ആര്‍സിബി ബൗളര്‍മാരുടെ ശ്രമം.
Also Read :സിക്‌സോട് സിക്‌സ്..! ; ഐപിഎല്‍ ചരിത്രത്തിലെ വമ്പൻ റെക്കോഡ് തൂക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - SunRisers Hyderabad IPL 2024 Sixes
പഞ്ചാബ് കിങ്സ് സാധ്യത ടീം:പ്രഭ്‌സിമ്രാൻ സിങ്, ജോണി ബെയര്‍സ്റ്റോ, റിലീ റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അഷുതോഷ് ശര്‍മ, സാം കറൻ (ക്യാപ്‌റ്റൻ), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷ്‌ദീപ് സിങ്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സാധ്യത ടീം: വിരാട് കോലി, ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റൻ), വില്‍ ജാക്‌സ്, രജത് പടിദാര്‍, ഗ്ലെൻ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീൻ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, വൈശാഖ് വിജയകുമാര്‍, യാഷ് ദയാല്‍.