പാരീസ്: ഒളിമ്പിക്‌സിലെ വനിതകളുടെ 50 കിലോഗ്രാം ഗുസ്‌തി ഫൈനലിൽ നിന്ന് അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് കായിക കോടതിയില്‍ നല്‍കിയ അപ്പീലിൽ ഇന്ന് രാത്രി തീരുമാനമുണ്ടാകും. അഡ്-ഹോക്ക് ഡിവിഷനിലെ വാദം പൂർത്തിയായി. അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പറഞ്ഞു.
3 മണിക്കൂറോളം വാദം നീണ്ടുനിന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും അവരുടെ വിശദമായ നിയമപരമായ സത്യവാങ്മൂലം ഹിയറിങ്ങിന് മുമ്പ് സമർപ്പിക്കാൻ അവസരം നൽകി. അതിന് ശേഷമാണ് ചർച്ച തുടങ്ങിയതെന്ന് ഐഒഎ പറഞ്ഞു. സമാപന ചടങ്ങിന് മുമ്പ് തീരുമാനമുണ്ടായേക്കുമെന്ന് നേരത്തെ അഡ്‌ഹോക്ക് വകുപ്പ് അറിയിച്ചിരുന്നു.
വിനേഷിന് പകരം ക്യൂബൻ ഗുസ്‌തി താരം യൂസ്നെലിസ് ഗുസ്‌മാൻ ലോപ്പസാണ് ഫൈനലിൽ പ്രവേശിച്ചത്. അപ്പീലിൽ വിനേഷ് ഫോഗട്ടിന്‍റേയും ലോപ്പസിന്‍റേയും ഭാരം ചൊവ്വാഴ്‌ച നടന്ന മത്സരങ്ങളിൽ നിശ്ചിത പരിധിക്കുള്ളിലായതിനാൽ സംയുക്ത വെള്ളി മെഡൽ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. വിനേഷിനായി മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും വിദുഷ്പത് സിംഘാനിയയും ഹാജരായി.
വാദത്തിനിടെ സഹകരിച്ചതിനും വാദിച്ചതിനും സാൽവെ, സിംഘാനിയ, ക്രീഡ എന്നിവരുടെ നിയമസംഘത്തിന് ഐഒഎ പ്രസിഡന്‍റ് പി.ടി ഉഷ നന്ദി പറഞ്ഞു. ഈ കേസിലെ വിധി എന്തായാലും ഞങ്ങൾ വിനേഷിനൊപ്പം നിൽക്കുമെന്നും നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്നും ഡോ. ഉഷ പറഞ്ഞു.
Also Read:ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ ഹോക്കി ടീമിനെ കേന്ദ്ര കായിക മന്ത്രി അഭിനന്ദിച്ചു - Indian hockey team