ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിൽ മിന്നും പ്രകടനം നടത്തി വെങ്കല മെഡൽ നേടി മടങ്ങിയെത്തിയ ഹോക്കി ടീമിന് എയർപോർട്ടിൽ ഗംഭീര വരവേൽപ്പ്. താരങ്ങളെ മാലചാര്‍ത്തിയും ഡ്രം വായിച്ചും ആരാധകരും സുഹൃത്തുക്കളും സ്വീകരിച്ചു. അതിനിടെ ഹോക്കി ടീമിലെ താരങ്ങള്‍ ഡ്രമ്മിന്‍റെ താളത്തിനൊത്ത് ചുവടുവെച്ചു.
ഒരു മെഡൽ നേടുന്നത് രാജ്യത്തിന് വലിയ കാര്യമാണെന്ന് ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് പറഞ്ഞു. ഫൈനലിലെത്താനും സ്വർണം നേടാനും ഞങ്ങൾ ശ്രമിച്ചു, പക്ഷേ നിർഭാഗ്യവശാൽ ഞങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടില്ല. പക്ഷേ, ഞങ്ങൾ വെറുംകൈയോടെ മടങ്ങിയില്ല, തുടർച്ചയായി മെഡലുകൾ നേടുന്നത് ഒരു റെക്കോർഡാണ്. ഞങ്ങൾക്ക് ലഭിച്ച സ്നേഹം വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തന്‍റെ അവസാന മത്സരം കളിക്കുന്ന പി.ആർ ശ്രീജേഷിന് ഇത് വൈകാരിക നിമിഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് ലഭിക്കുന്ന സ്നേഹം ഉത്തരവാദിത്തം ഇരട്ടിയാക്കുന്നു, കളിക്കുമ്പോഴെല്ലാം രാജ്യത്തിനായി മെഡലുകൾ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുമെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.
വെങ്കല മെഡൽ മത്സരത്തിൽ സ്പെയിനിനെതിരെ 2-1 ന് ഇന്ത്യ തകർപ്പൻ ജയം നേടി. ഇന്ത്യക്കായി ഹർമൻപ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി. നാലാം തവണയാണ് ഇന്ത്യ ഒളിമ്പിക്‌സിൽ വെങ്കലം നേടുന്നത്. കൂടാതെ 8 തവണ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം സ്വർണം നേടിയിട്ടുണ്ട്.
Also Read:അയോഗ്യതയില്‍ നിന്ന് അമൻ സെഹ്‌രാവത് രക്ഷപ്പെട്ടത് തലനാരിഴക്ക്; 10 മണിക്കൂറിനുള്ളിൽ കുറച്ചത് 4.6 കിലോ - narrowly avoided disqualification