പാരിസ്: ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ തകർപ്പൻ ജയം നേടി വെങ്കലമെഡല്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പി.
വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍കീപ്പറും ഇതിഹാസ താരവുമായ പിആർ ശ്രീജേഷിന് വെങ്കലത്തോടെ ഗംഭീര യാത്രയയപ്പ് നല്‍കാൻ ജയത്തോടെ ഇന്ത്യൻ സംഘത്തിനായി. മത്സരത്തില്‍ നിര്‍ണായകമായ പല സേവുകളും നടത്തി ഇന്ത്യൻ ജയത്തിന്‍റെ ഭാഗമാകാൻ ശ്രീജേഷിന് കഴിഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിലും ഇന്ത്യ വെങ്കലമെഡല്‍ സ്വന്തമാക്കിയിരുന്നു.
ആദ്യ പാദത്തില്‍ കൂടുതൽ സമയവും ഇന്ത്യയായിരുന്നു പന്ത് കൈവശം വച്ചിരുന്നത്. ചില അവസരങ്ങളുണ്ടായെങ്കിലും അത് മുതലാക്കാനായില്ല. അതിനിടെ ഇന്ത്യൻ താരം സഞ്ജയ്‌ക്ക് പന്ത് തലയിൽ ഇടിച്ചതിനാൽ പുറത്ത് ഇരിക്കേണ്ടി വന്നു.
ആദ്യപാദം 0-0 ന് അവസാനിച്ചു. മത്സരത്തിന്‍റെ 17-ാം മിനിറ്റിൽ പെനാൽറ്റി കോർണർ സ്പെയിൻ വലയിലാക്കി. പിന്നാലെ സ്‌പാനിഷ് ടീമിന് 20-ാം മിനിറ്റിൽ വീണ്ടും പെനാൽറ്റി കോർണർ ലഭിച്ചു.
ഇന്ത്യ വീണ്ടും അറ്റാക്കിങ് മോഡിലേക്ക് ഇറങ്ങി 25-ാം മിനിറ്റിൽ ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. മത്സരത്തിന്‍റെ 29-ാം മിനിറ്റിൽ ഇന്ത്യക്ക് പെനാൽറ്റി കോർണർ ലഭിച്ചു. അവസാന 10 സെക്കൻഡിൽ ഇന്ത്യയുടെ ഹർമൻപ്രീത് സിങ് ഉജ്ജ്വലമായ ഗോൾ നേടി തിരിച്ചുവരവ് നടത്തി.
രണ്ടാം പകുതി അവസാനിക്കുമ്പോൾ സ്‌കോർ 1-1ന് തുല്യമായിരുന്നു. മത്സരത്തിന്‍റെ 33-ാം മിനിറ്റിൽ ഒരു ഗോളിലൂടെ ഇന്ത്യൻ താരം ഹർമൻപ്രീത് ലീഡ് നൽകി. ഇന്ത്യ 2-1ന് ലീഡ് ചെയ്‌ത് ഇന്ത്യയുടെ വെങ്കല മെഡൽ പ്രതീക്ഷ നിലനിർത്തി. എതിർ ടീമിനെ തിരിച്ചടിക്കാൻ അനുവദിക്കാതെ ഇന്ത്യ മത്സരത്തില്‍ 2-1 ന്‍റെ ലീഡ് നിലനിർത്തുകയായിരുന്നു.
Also Read:നന്ദി ഇന്ത്യ, എന്നെ വിശ്വസിച്ചതിന് ഒപ്പം നിന്നതിന്; വൈകാരിക കുറിപ്പുമായി ഇതിഹാസ താരം പി.ആര്‍ ശ്രീജേഷ്