ഇത്തവണത്തെ ഒളിമ്പിക്‌സിൽ ഇന്ത്യൻ ഷൂട്ടർമാർമാരാണ് നിലവില്‍ അത്ഭുതങ്ങൾ സൃഷ്ടിച്ചത്. ഷൂട്ടിംഗിൽ ആദ്യം വെങ്കല മെഡൽ നേടി മനു ഭാക്കറാണ് ഇന്ത്യയ്ക്കായി അക്കൗണ്ട് തുറന്നത്. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീമിൽ മനു ഭാക്കറും സരബ്ജോത് സിങ്ങും ഉജ്ജ്വലമായി വെടിയുതിർത്തു. വെങ്കല മെഡൽ നേടിയാണ് രണ്ട് ഷൂട്ടർമാരും ഇന്ത്യയുടെ മെഡൽ നേട്ടം മുന്നോട്ട് നയിച്ചത്.
പാരിസ് ഒളിമ്പിക്‌സിൽ വിസ്‌മയം തീർത്ത് ഇന്ത്യയിലേക്ക് മടങ്ങിയ വിജയിയായ ഷൂട്ടർ സരബ്ജോത് സിങ്ങിന് സ്വദേശത്ത് ഉജ്ജ്വല സ്വീകരണം നല്‍കി. ഇ.ടി.വി ഭാരത് ഉത്തരാഖണ്ഡ് ബ്യൂറോ ചീഫ് കിരൺ കാന്ത് ശർമ്മ സരബ്ജോത് സിങ്ങുമായി നടത്തിയ അഭിമുഖത്തില്‍ തന്‍റെ വിജയം വരെയുള്ള ഷൂട്ടിംഗ് യാത്രയെക്കുറിച്ചും ഭാവിയെ കുറിച്ചും സംസാരിച്ചു.
മെഡലിനായി 8 വർഷം വിയർത്തു
പാരിസിലെ തന്‍റെ പ്രകടനത്തിൽ താൻ സന്തുഷ്‌ടനല്ലെന്ന് സരബ്ജോത് സിങ് പറഞ്ഞു. ലക്ഷ്യം നേടുന്നത് വരെ സംതൃപ്‌തി ലഭിക്കില്ല. ഏകദേശം 8 വർഷത്തോളം താന്‍ ഈ മെഡലിനായി തയ്യാറെടുത്തു. ഇക്കാലം ഒളിമ്പിക്‌സിനെ കുറിച്ച് തുടർച്ചയായി ചിന്തിക്കുകയായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നത് തന്‍റെ എക്കാലത്തെയും സ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. റേഞ്ചിലെത്തിയപ്പോൾ മെഡൽ നേടണമെന്ന ചിന്ത മനസ്സിൽ വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കളിയിൽ മാത്രം ശ്രദ്ധിച്ചു. ഈ ഗെയിമിൽ തനിക്ക് ചില പ്രശ്‌നങ്ങൾ നേരിട്ടെങ്കിലും നിരന്തരമായ കഠിനാധ്വാനവും പരിശ്രമവും കാരണം ക്രമേണ എല്ലാം സാധാരണ നിലയിലായതായി സരബ്ജോത് സിംഗ് പറഞ്ഞു.
സ്‌കൂള്‍ പഠനക്കാലത്തെ താല്‍പര്യം ഫുട്ബോളിനോട്
സ്‌കൂള്‍ പഠനക്കാലത്ത് ഫുട്ബോൾ കളിക്കാനായിരുന്നു താല്‍പര്യം. പിന്നെയാണ് ഷൂട്ടിങ്ങിലേക്ക് തിരിഞ്ഞത്. കുറച്ച് സമയത്തിനുള്ളിൽ ഞാനത് ആസ്വദിക്കാൻ തുടങ്ങി. ഷൂട്ടിങ് പരിശീലിക്കുന്നതിനൊപ്പം ടൂർണമെന്‍റുകളും കളിക്കാൻ തുടങ്ങി. ഓരോ കളിക്കാരന്‍റേയും സ്വപ്‌നമാണ് രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതെന്ന് സരബ്ജോത് സിങ് പറഞ്ഞു. അതിനായി കഠിന പരിശീലനവും നടത്തി. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. മെഡൽ നേടിയ തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് സരബ്ജോത് പറഞ്ഞു. ഇനി കുറച്ചു ദിവസം കുടുംബത്തോടൊപ്പം ചിലവഴിക്കും. ഇതിനുശേഷം ദേശീയ ഗെയിംസിനായി തയ്യാറെടുക്കും. 2028ൽ നടക്കുന്ന ഒളിമ്പിക്‌സിലെ സ്വർണ മെഡലിലാണ് ഇപ്പോൾ തന്‍റെ ശ്രദ്ധയെന്നും സരബ്ജോത് പറഞ്ഞു.
നേട്ടങ്ങളും പോരായ്‌മകളും ഡയറിയിൽ കുറിച്ചു
മെഡൽ നേടി ഇന്ത്യയിലെത്തിയ എന്‍റെ ഇപ്പോഴത്തെ നിമിഷമാണ് എല്ലാവരും കണ്ടത്. എന്നാൽ അതിനു പിന്നിൽ വളരെ പഴക്കമുള്ള പോരാട്ടമുണ്ടെന്നും സരബ്ജോത് സിങ് പറയുന്നു. 8 വർഷമായി ഞാൻ തുടർച്ചയായി പരിശീലിക്കുന്നു. ഈ ദിവസത്തിനായി ഞാൻ രാവും പകലും ജീവിച്ചു. എല്ലാ ദിവസവും എന്തെങ്കിലും നഷ്ടപ്പെട്ടാൽ ഏത് സാഹചര്യത്തിലും അത് അടുത്ത ദിവസം പൂർത്തിയാക്കും. 8 വർഷമായി താൻ ഒരു ഡയറി സൂക്ഷിക്കുന്നുണ്ടെന്ന് സരബ്ജോത് പറയുന്നു. ഈ ഡയറിയിൽ അദ്ദേഹം തന്‍റെ ദിനചര്യകൾ എഴുതുന്നു. ഓരോ ദിവസത്തെയും നേട്ടങ്ങളും ഓരോ ദിവസത്തെ കുറവുകളും ഈ ഡയറിയിൽ എഴുതി വയ്ക്കും.
കളിക്കാർക്കുള്ള വിജയമന്ത്രം
എല്ലാ ദിവസവും പഠിക്കാൻ ശ്രമിച്ചു. അതിന്‍റെ ഫലമാണ് പാരീസ് ഒളിമ്പിക്‌സിലെ തന്‍റെ വെങ്കല മെഡൽ. ഒരു കളിക്കാരൻ ഒരിക്കലും തിരിഞ്ഞു നോക്കരുതെന്ന് സരബ്ജോത് സിങ് പറഞ്ഞു. തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ഏതെങ്കിലും കളിക്കാരന് തോന്നിയാൽ അയാൾ വീണ്ടും വീണ്ടും പരിശീലിക്കണം. കഠിനാധ്വാനമാണ് വിജയത്തിന്‍റെ അടിസ്ഥാന മന്ത്രമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: പാരിസ് ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടം: മനു ഭാക്കര്‍ -സരബ്ജോത് സിങ് സഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി - PM congratulates Manu Sarabjot