ഭൂമിയിലെ ഏറ്റവും വലിയ സസ്‌തനിയായ ആന ഒരു വന്യജീവിയാണ്. എന്നാല്‍ മനുഷ്യന്‍ ഇവയെ പിടികൂടി തന്‍റെ ആനന്ദത്തിനും വിനോദസഞ്ചാരത്തിനും മറ്റും മറ്റുമായി ഉപയോഗിക്കുന്നു. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ ആനയെ പിടികൂടാനും അവയെ തങ്ങളുടെ ജോലികള്‍ക്കും മറ്റുമായി പരിശീലിപ്പിക്കാനും തുടങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്ത് 2500നും നാലായിരത്തിനുമിടയില്‍ നാട്ടാനകളുണ്ടെന്നാണ് കണക്ക്. ഇതില്‍ അറുപത് ശതമാനവും അസമിലും കേരളത്തിലുമായാണ്. കേവലം 25ശതമാനം മാത്രമാണ് കാഴ്‌ച ബംഗ്ലാവുകളിലും വനം വകുപ്പിന്‍റെയും പക്കലുള്ളത്. ബാക്കിയുള്ളവ സ്വകാര്യ വ്യക്തികളുടെയും മതസ്ഥാപനങ്ങളുടെയും സര്‍ക്കസ് കമ്പനികളുടെയും കൈവശമാണ്.

നമ്മുടെ നാട്ടില്‍ കാട്ടില്‍ നിന്ന് പിടിക്കുന്ന ആനകളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നവയുമുണ്ട്. നിലവില്‍ സംസ്ഥാനത്ത് പിടികൂടിയ 388 ആനകളുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ആനകളെ കൂടുതലും ക്ഷേത്രോത്സവങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. പള്ളികളിലെ ഘോഷയാത്രകള്‍ക്കും ആനകളെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലൊന്നും ക്ഷേത്രോത്സവങ്ങള്‍ക്ക് ആനയെഴുന്നള്ളിപ്പ് ഇല്ല. മൈസൂറില്‍ ദസറ ആഘോഷങ്ങള്‍ക്ക് ആനയെഴുന്നള്ളിപ്പ് ഉണ്ടാകാറുണ്ട്.
മലയാളികള്‍ക്ക് ആനകളില്ലാത്ത ആഘോഷങ്ങളെയും ക്ഷേത്രോത്സവങ്ങളെയും പൂരങ്ങളെയും കുറിച്ച് ചിന്തിക്കാനാകില്ല. കേരളത്തില്‍ എല്ലാക്കൊല്ലവും 25000 ആനയെഴുന്നള്ളിപ്പുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. നിരവധി ആനകളെ ചില വലിയ ഉത്സവങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പരിശീലിപ്പിക്കുന്നു. ആറാട്ടുപുഴപൂരത്തിന് 101 ആനകളെയാണ് എഴുന്നള്ളിക്കുന്നത്.
2025ല്‍ ഇതുവരെ ആനയുടെ ആക്രമണങ്ങളില്‍ പൊലിഞ്ഞത് ആറ് ജീവനുകള്‍
നാട്ടാനകളുടെ ആക്രമണത്തില്‍ ജീവനുകള്‍ പൊലിയുന്നത് ഒരു പുതിയ പ്രതിഭാസമല്ല. എല്ലാവര്‍ഷവും ക്ഷേത്രോത്സവങ്ങള്‍ക്കിടെ നിരവധി ജീവനുകള്‍ ആനകളെടുക്കാറുണ്ട്. പാപ്പാന്‍മാരടക്കമുള്ളവര്‍ക്ക് ഇത്തരത്തില്‍ എല്ലാവര്‍ഷവും ജീവന്‍ നഷ്‌ടമാകാറുണ്ട്. ആനകളുടെ നേരിട്ടുള്ള ആക്രമണത്തിലും ആനകള്‍ ഇടയുമ്പോഴുണ്ടാകുന്ന തിക്കിലും തിരക്കിലും പെട്ടും ജീവനുകള്‍ നഷ്‌ടമാകാറുണ്ട്.
ഇക്കൊല്ലം തുടങ്ങി കേവലം ഒന്നരമാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ആനക്കലിയിലൊടുങ്ങിയത് ആറ് ജീവനുകളാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കൊയിലാണ്ടിയില്‍ ഒരു ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തതോടെയാണ് ആറ് ജീവനുകള്‍ നഷ്‌ടമായത്. കഴിഞ്ഞ കൊല്ലം ഒന്‍പത് ജീവനുകള്‍ ആനകളെടുത്തു. 2007 മുതല്‍ 2024 വരെ ക്ഷേത്രോത്സവങ്ങള്‍ക്കിടെയുണ്ടായ ആനകളുടെ ആക്രമണത്തില്‍ 540 ജീവനുകളാണ് പൊലിഞ്ഞതെന്ന് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇക്കൊല്ലം സംസ്ഥാനത്ത് ആനക്കലി ആരംഭിച്ചത് കഴിഞ്ഞ മാസം എട്ടിന് പക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയിലൂടെയാണ്. മലപ്പുറം തിരൂരില്‍ ബിപി അങ്ങാടി നേര്‍ച്ചയ്ക്കിടെ ഒരാളെ കൊന്നു കൊണ്ടായിരുന്നു തുടക്കം. ഈ മാസം നാലിന് ആനയുടെ മുന്നില്‍ പെട്ടുപോയ ഒരു ഭിന്നശേഷിക്കാരനെ ആന തൂക്കിയെറിഞ്ഞു കൊന്നു. ചിറ്റാട്ടുകരയിലെ പൈങ്കണ്ണിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ചിറ്റിലപ്പള്ളി ഗണേശന്‍ എന്ന ആനയാണ് ഈ അതിക്രമം കാട്ടിയത്. ഫെബ്രുവരി ഏഴിന് പാലക്കാട്ടെ കൂറ്റനാട് ഒരു ചടങ്ങിനെത്തിച്ച വള്ളംകുളം നാരായണന്‍കുട്ടി എന്ന ആന പാപ്പാനെ കുത്തിക്കൊന്നു. ഏറ്റവും ഒടുവില്‍ കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം മൂന്ന് ജീവനുകള്‍ ആനക്കലിയില്‍ പൊലിഞ്ഞു. അഞ്ച് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുണ്ട്.
ക്ഷേത്രോത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള പ്രധാന നിയന്ത്രണങ്ങള്‍
ക്ഷേത്രോത്സവങ്ങള്‍ക്കിടെ ആനകള്‍ കൊടുംക്രൂരതകള്‍ക്കിരയാകാറുണ്ട്. അത് കൊണ്ട് തന്നെ ക്ഷേത്രോത്സവങ്ങളില്‍ ആനകളെ ഉപയോഗിക്കുന്നതിന് വനം വന്യജീവി വകുപ്പ് കര്‍ശന മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
2013 മാര്‍ച്ച് 20ന് പുറത്തിറക്കിയ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്;
- രാവിലെ പതിനൊന്നിനും മൂന്നിനുമിടയില്‍ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. ഈസമയത്ത് ആനകളെ എഴുന്നള്ളിക്കണമെങ്കില്‍ കളക്‌ടറുടെ പ്രത്യേക അനുമതി നേടിയിരിക്കണം. ജനങ്ങള്‍ ആനയുടെ അടുത്തേക്ക് എത്തുന്നത് തടയുന്ന വേലികള്‍ തീര്‍ത്തിരിക്കണമെന്നും നിബന്ധനയുണ്ട്. ഇതിന് പുറമെ ഇടയ്ക്കിടെ ആനകള്‍ക്ക് വെള്ളം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
- തുടര്‍ച്ചയായി ആറ് മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. ദിവസം പരമാവധി നാല് മണിക്കൂര്‍ വീതമുള്ള രണ്ട് എഴുന്നള്ളിപ്പുകളേ പാടുള്ളൂ.
- രാത്രി എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ആനകളെ തൊട്ടടുത്ത ദിവസം തന്നെ പകല്‍ എഴുന്നള്ളിപ്പിന് കൊണ്ടുവരരുത്.
- ആളുകള്‍ ആനയുമായി മൂന്ന് മീറ്റര്‍ അകലം പാലിക്കണം. ക്ഷേത്രവളപ്പില്‍ ഒരേസമയം മൂന്ന് ആനകളില്‍ കൂടുതല്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.
ക്ഷേത്രോത്സവങ്ങള്‍ക്കിടെ ആനയിടയാനുള്ള പ്രധാന കാരണങ്ങള്‍
- കേരളത്തില്‍ ഒക്‌ടോബര്‍ മുതല്‍ മെയ് വരെയാണ് പ്രധാനമായും ഉത്സവ കാലം. ഈ സമയത്ത് ആനയുടമകളും ആനകളെ ഉത്സവത്തിന് എത്തിക്കുന്ന കരാറുകാരും പരമാവധി പണം സമ്പാദിക്കാനായി ഇവയെ ഏറ്റവും കൂടുതല്‍ ആഘോഷങ്ങള്‍ക്കെത്തിക്കാന്‍ ശ്രമിക്കുന്നു.
- ആനകളെ മണിക്കൂറുകളോളം പൊരിവെയിലത്ത് ദീര്‍ഘനേരം അണിയിച്ചൊരുക്കി നിര്‍ത്തുന്നു. ഇതിനിടെ അവയ്ക്ക് സമീപം വെടിക്കെട്ടുകള്‍ നടത്തുന്നതും ഇവയെ പ്രകോപിതരാക്കുന്നു. ഇത്തരം പ്രവൃത്തികളെല്ലാം 2023ലെ നാട്ടാന പരിപാലന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
- ആനകള്‍ വ്യജീവികളും അക്രമകാരികളുമാണ്. അത് കൊണ്ട് തന്നെ അവയെ ബലം പ്രയോഗിച്ചും ഉപദ്രവിച്ചുമാണ് പാപ്പാന്‍മാരെ വരുതിയില്‍ നിര്‍ത്തുന്നത്. പുതുതായി ഒരു പാപ്പാന്‍ ചുമതലയേല്‍ക്കുമ്പോള്‍ ആനയെ പേടിപ്പിച്ച് നിര്‍ത്താനായി ഇയാള്‍ വലിയ തോതില്‍ ഉപദ്രവിക്കുന്നു. ഈ ഭയം കൊണ്ടാണ് ആനകള്‍ അസ്വസ്ഥതയുണ്ടാക്കുന്ന സംഗീതവും കാതടപ്പിക്കുന്ന വെടിക്കെട്ടും നിയന്ത്രണമില്ലാത്ത ജനക്കൂട്ടവും എല്ലാം സഹിച്ച് ശാന്തരായി നിലയുറപ്പിക്കുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
- മതിയായ ഭക്ഷണവും വെള്ളവും കിട്ടാത്തതും ഉത്സവകാലത്ത് ആനയെ പ്രകോപിതരാക്കുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കൃത്യമായ ആഹാരം കിട്ടാത്തത് ഇവയെ മദപ്പാടിലേക്ക് എത്തിക്കുന്നു. ഒരു ആനയ്ക്ക് ദിവസം 230 ലിറ്റര്‍ വെള്ളം വേണം. ആനയുടെ തുമ്പിക്കൈയില്‍ 7.5 ലിറ്റര്‍ വെള്ളം സംഭരിക്കാനാകും. ആനകള്‍ക്ക് ദിവസവും 250 ലിറ്റര്‍ വെള്ളവും അഞ്ഞൂറ് കിലോ ഭക്ഷണവും നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.
മദപ്പാടുള്ള കാര്യം മറച്ച് വച്ച് ആനകളെ ഉത്സവത്തിനെത്തിക്കുന്നു
മദപ്പാടുള്ള ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. മദപ്പാടുള്ള ആനകള്‍ക്ക് ശൗര്യമേറും. ഇവയെ ചടങ്ങുകള്‍ക്ക് കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്. മദപ്പാട് മൂന്ന് മാസം വരെ നീണ്ടുനില്‍ക്കും. ഇത്തരത്തില്‍ മൂന്ന് മാസം ഇവയെ ഉപയോഗിക്കാതിരിക്കുന്നത് ഉടമകള്‍ക്ക് വലിയ നഷ്‌ടമുണ്ടാക്കും. ഈ പ്രതിസന്ധി മറികടക്കാനായി ആനകളെ 'വാട്ടല്‍' എന്ന സമ്പ്രദായത്തിന് ഇരയാക്കുന്നു. ഇതിന്‍റെ ഫലമായി ഇവയ്ക്ക് കുടിക്കാനുള്ള വെള്ളത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നു. ഇവയെ ഒരുതണലും ഇല്ലാത്തിടത്ത് നിര്‍ത്തുന്നു. കുളിപ്പിക്കുകയോ ശരീരം നനയ്ക്കുകയോ പോലുമില്ല.

തത്ഫലമായി ആനകള്‍ പത്ത് ദിവസം കൊണ്ട് ശാരീരികമായും മാനസികമായും ദുര്‍ബലരാകുന്നു. ഇതോടെ മദപ്പാട് വീണ്ടും ദീര്‍ഘിക്കുന്നു. ഇതിന് പുറമെ മതിയായ വിശ്രമം കൂടി ഇല്ലാതാകുമ്പോള്‍ ആനകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നു. ഇത് പലപ്പോഴും ആനകളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കുന്നുവെന്ന് മൃഗക്ഷേമ ബോര്‍ഡ് വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ 154 നാട്ടാനകള്‍ ചെരിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഓരോ ഉത്സവകാലത്തും ആനകളുടെ ഭാരം മുന്നൂറ് കിലോ വരെ കുറയുന്നു
ക്ഷേത്രോത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കുമെത്തിക്കുന്ന നാട്ടാനകള്‍ പലപ്പോഴും ജീവന് ഭീഷണിയാകുന്നുണ്ടെന്ന കാര്യം ഏവര്‍ക്കും അറിയാം. അവയുെട ജീവനും ദീര്‍ഘനേരമുള്ള ഈ നില്‍പ്പ് ഭീഷണിയാകുന്നുണ്ട്. നഗ്നമായ മൃദു കാലുകള്‍ കൊണ്ട് ടാറിട്ട റോഡിലൂടെയുള്ള നടപ്പ് ഈ ജീവികളുടെ കാലിനേല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ഇവയുടെ കാലുകള്‍ ശ്രദ്ധിച്ചാല്‍ കാണാം ചൂടേറ്റ് പൊള്ളിയ കുമിളകള്‍. ഇവയുടെ കാലുകള്‍ മാസങ്ങളോളം ചങ്ങലയ്ക്കിട്ട് ഇവയുണ്ടാക്കിയ വ്രണങ്ങളും കാലില്‍ കാണാം. ഇക്കാര്യത്തില്‍ നടപടി വേണമെന്ന ആവശ്യം ദീര്‍ഘകാലമായി ഉയരുന്നുണ്ട്.
ഇതിന് പുറമെ ആനകളും പാപ്പാന്‍മാരും തമ്മിലുള്ള ബന്ധവും ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടുണ്ട്. പാരമ്പര്യം സംരക്ഷിക്കാനും കേരള സമൂഹത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും കേന്ദ്രമായി ആനകള്‍ മാറുമ്പോഴും ഇവ അനുഭവിക്കുന്ന നിരന്തര യാതനകള്‍ നാം സൗകര്യപൂര്‍വം കണ്ടില്ലെന്ന് നടിക്കുന്നു.
പൊട്ടിയൊലിച്ച വ്രണങ്ങളില്‍ കുപ്പിച്ചില്ലുകള്‍ ഇടിച്ച് കയറ്റിയും മറ്റും ആനകളെ വേദനിപ്പിക്കുന്ന പാപ്പാന്‍മാരുടെ കഥകള്‍ പുറത്ത് വന്നിട്ടുണ്ട്. വ്രണങ്ങള്‍ ചാരം കൊണ്ട് മൂടിയും വായില്‍ തിളച്ച വെള്ളമൊഴിച്ചും ആസ്വദിക്കുന്നവരുമുണ്ട്. അനുസരിപ്പിക്കാന്‍ ആനകളെ പട്ടിണിക്കിടുന്ന പാപ്പാന്‍മാരുമുണ്ട്. എന്നാല്‍ ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് പറഞ്ഞ് നിസാരവത്ക്കരിക്കുകയാണ് പലപ്പഴും. ഇത്തരം ആനപ്പാപ്പാന്‍മാരും ആനകളുടെ കലിയിളക്കാന്‍ കാരണമാകുന്നുണ്ട്.
വലിയ ചെണ്ടമേളത്തിനും ജനക്കൂട്ടത്തിനും നടുവില്‍ മണിക്കൂറുകളോളം പൊരിവെയിലത്ത് ഭക്ഷണമോ വെള്ളമോ നല്‍കാതെ ഇവയെ നിര്‍ത്തുന്നത് കൊടുംക്രൂരതയാണ്. മിക്ക ക്ഷേത്രോത്സവങ്ങളും ഏതാണ്ട് ഒരേസമയത്ത് തന്നെ നടക്കുന്നതിനാല്‍ ഒരു ക്ഷേത്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് വേഗത്തില്‍ ഇവയെ ലോറികളിലും മറ്റും എത്തിക്കുന്നു. മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്ന ഈ യാത്രയും ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഈ പീഡനങ്ങളെല്ലാം സഹിക്കാനാകാതെ ആകുമ്പോഴാണ് അവ ആക്രമണകാരികളായി മാറുന്നത്. ഇത് പലപ്പോഴും വന്‍ ദുരന്തമായി മാറുന്നു. ഒരൊറ്റ ഉത്സവ കാലത്ത് ക്ഷേത്രങ്ങളിലെ ആനകളുടെ തൂക്കത്തില്‍ മുന്നൂറ് കിലോ വരെ കുറയാറുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മറ്റ് വിനോദങ്ങള്‍
ഒരിക്കല്‍ നൂറ് പുരുഷന്‍മാരും ഒരൊറ്റ ആനയും തമ്മില്‍ ഒരു വടംവലി മത്സരം നമ്മുടെ നാട്ടില്‍ അരങ്ങേറി. ദീര്‍ഘനേരം ഇത് പിടിച്ച് നില്‍ക്കാനാകാതെ ആന വടം വിട്ടു. മറുവശത്തുണ്ടായിരുന്നവര്‍ മുഴുവന്‍ നിലത്ത് വീണു. കടവന്ത്രയിലെ പൊന്നേത്ത് കാവ് ക്ഷേത്രത്തില്‍ ആനകളുടെ ഒരു ക്രിക്കറ്റ് കളി നടത്തിയിരുന്നു. ആനകള്‍ക്ക് മദ്യം നല്‍കി വിദേശസഞ്ചാരികളെ ആകര്‍ഷിക്കാനായി ഏഴ് മണിക്കൂറോളം കടല്‍ത്തീരത്ത് നൃത്തം ചെയ്യിച്ച സംഭവവും അരങ്ങേറിയത് നമ്മുടെ നാട്ടിലാണ്. ഇത് കനത്ത പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരുന്നു. ഇന്ത്യയ്ക്ക് വിദേശത്തടക്കമുള്ള മൃഗസ്‌നേഹികളുടെ ഇടയില്‍ മോശം പ്രതിച്‌ഛായ ഉണ്ടാകാനും ഈ സംഭവം കാരണമായി.
പുറത്ത് നിന്നുള്ള പ്രതിഷേധങ്ങള്‍
2015ല്‍ ലണ്ടനിലെ ഒരു അഭിഭാഷകന്‍റെ നേതൃത്വത്തില്‍ ഒരു സംഘം ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഇന്ത്യയിലെയും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ നാട്ടാനകളെ പരിഗണിക്കുന്ന രീതികള്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. നാട്ടാനകളെ പ്രദര്‍ശന വസ്‌തുക്കളാക്കുന്ന ഒരു പരിപാടിയിലും പങ്കെടുക്കരുതെന്ന് ബ്രിട്ടീഷ് സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശവും നല്കി. ഈ സംഘം ഒരു ഒപ്പു ശേഖരണ യജ്ഞം നടത്തുകയും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്‌തു. നാട്ടാനകളെ വീട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്നും ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്നും ഇവയെ മര്‍ദ്ദിക്കുകയും മുറിവേല്‍പ്പിക്കുകയും ചങ്ങലയ്ക്കിടുകയും ചെയ്യുന്നതിന് അറുതി വരുത്തണമെന്നുമായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍.
2015ല്‍ ബോളിവുഡ് താരം പമേല ആന്‍ഡേഴ്‌സണ്‍ സമാന ആവശ്യങ്ങളുമായി തൃശൂര്‍ പൂരം ചൂണ്ടിക്കാട്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുന്നിലുമെത്തിയിരുന്നു. കൊടുംവെയിലത്ത് ആനകളെ ഇത്തരത്തില്‍ കാലില്‍ ചങ്ങലയുമിട്ട് മണിക്കൂറുകളോളം നിര്‍ത്തിയിരിക്കുന്നത് ഇവിടെയെത്തുന്ന സഞ്ചാരികളെ അസ്വസ്ഥരാക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പതിനഞ്ച് വര്‍ഷത്തിനിടെ ആനകളുടെ ആക്രമണത്തില്‍ കേരളത്തില്‍ പൊലിഞ്ഞത് അഞ്ഞൂറ് ജീവനുകളാണ്. ഈ സാഹചര്യത്തില്‍ ഉത്സവ ചടങ്ങുകളില്‍ കൃത്രിമ ആനകളെ പരീക്ഷിക്കുന്നത് അടക്കമുള്ള ബദലുകള്‍ തേടണം. മുപ്പത് ആനകളെ നിര്‍മ്മിച്ചാല്‍ ഇതിന്‍റെ ചെലവുകള്‍ കുറയ്ക്കാനാകുമെന്നും പമേല ഉമ്മന്‍ചാണ്ടിക്കയച്ച ഇമെയിലില്‍ ചൂണ്ടിക്കാട്ടി.
ബദല്‍ മാര്‍ഗങ്ങള്‍
ആനയെഴുന്നള്ളിപ്പിലെ മരണങ്ങളും പരിക്കുകളും ഒഴിവാക്കാന്‍ കേരളത്തിലെ മൂന്ന് ക്ഷേത്രങ്ങളും മൈസൂരിലെ ഒരു ക്ഷേത്രവും ഏറെ പുതുമയുള്ള ഒരു ബദല്‍ മാര്‍ഗവുമായി രംഗത്തെത്തി. യന്ത്ര ആനകളെന്നതായിരുന്നു ആ ബദല്‍. തൃശൂരിലെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ രാമന്‍,കൊച്ചിയിലെ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തിലെ മഹാദേവന്‍, തിരുവനന്തപുരം പൗര്‍ണമിക്കാവ് ക്ഷേത്രത്തിലെ ബാലദാസന്‍, മൈസൂരിലെ ജഗദ്‌ഗുരു ശ്രീ വീരസിംഹാസന മഹാസംസ്‌താന മഠത്തിലെ ശിവ എന്നിങ്ങനെയുള്ള യന്ത്ര ആനകള്‍ രംഗത്തെത്തി. തമിഴ്‌നാട്ടിലും 2024ല്‍ ആദ്യ റോബോട്ടിക് ക്ഷേത്ര ആന എത്തി. ദേവര്‍ശോലയിലെ ശിവ ക്ഷേത്രത്തിലായിരുന്നു ഇത്.
യന്ത്ര ആനകള്‍ക്ക് മൂന്ന് മീറ്റര്‍ ഉയരമുണ്ടാകും. 800 കിലോ ഭാരവും. റബ്ബര്‍, ഫൈബര്‍, ലോഹം, സ്‌പോഞ്ച്, ഉരുക്ക്, എന്നിവ കൊണ്ടാണ് ആനകളെ നിര്‍മ്മിക്കുന്നത്. വൈദ്യുത മോട്ടോറുകളുപയോഗിച്ചാണ് ഇവയുെട പ്രവര്‍ത്തനം. ജീവനുള്ള ആനകളെ പോലെ തോന്നിപ്പിക്കും. ഇതിന് തലയാട്ടനും ചെവികളും കണ്ണുകളും വാലുകളുമെല്ലാം അനക്കാനും സാധിക്കും. തുമ്പിക്കൈ ഉയര്‍ത്തി ഇത് വെള്ളം ചീറ്റും. ഇതിന് മുകളിലേക്ക് കയറാനും ചടങ്ങുകളില്‍ ചലിക്കാനും വലം വയ്ക്കാനും എല്ലാം സാധിക്കും. മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചെറിയ ജനറേറ്ററും ഘടിപ്പിക്കും. ഇപ്പോള്‍ മൂന്ന് കമ്പനികളാണ് യന്ത്ര ആനകളെ നിര്‍മ്മിക്കുന്നത്. രണ്ടെണ്ണം കേരളത്തിലും ഒന്ന് മഹാരാഷ്‌ട്രയിലുമാണ് ഉള്ളത്.
ഇവയുടെ ഉപയോഗം വ്യാപകമാക്കിയാല്‍ ഉത്സവങ്ങളുടെ പേരില്‍ ആനകളെടുക്കുന്ന മനുഷ്യ ജീവനുകള്‍ കാക്കാന്‍ നമുക്കാകും. ഒപ്പം ആ സാധു മൃഗങ്ങളെ കണ്ണില്‍ ചോരയില്ലാത്ത ഈ ക്രൂരതകളില്‍ നിന്ന് കരകേറ്റാനും.....