പാരിസ്:ഒളിമ്പിക് വേദിയില്‍ ഒരു മെഡല്‍ നേടുകയെന്നത് ഏതൊരു കായിക താരത്തിന്‍റെയും സ്വപ്‌നമാവും. പ്രണയ നഗരമായ പാരിസില്‍ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കി മടങ്ങുമ്പോള്‍ 'ഡബിള്‍ ഹാപ്പി'യാണ് ചൈനീസ് ബാഡ്‌മിന്‍റണ്‍ താരം ഹുവാങ് യാക്യോങ്. മിക്‌സ്‌ഡ് ഡബിള്‍സില്‍ ഷെങ് സിവേയ്‌ക്കൊപ്പം സ്വര്‍ണം നേടിയതിന് പിന്നാലെ മറ്റൊരു സമ്മാനവും 30-കാരിയ്‌ക്ക് ലഭിച്ചു.
ടീം മേറ്റായ ലിയു യചാനാണ് യാക്യോങ്ങിന് സർപ്രൈസ് നൽകിയത്. ഒളിമ്പിക് മെഡൽ കഴുത്തിലണിഞ്ഞ് എത്തിയ യാക്യോങ്ങിനെ ഒരു ബോക്കെ നല്‍കിയാണ് യചാന്‍ വരവേറ്റത്. പിന്നാലെ പോക്കറ്റില്‍ കരുതിയിരുന്ന വിവാഹ മോതിരം കയ്യിലെടുത്തു. മുട്ടുകുത്തിയിരുന്ന ശേഷം വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്‌തു. യാക്യോങ് സമ്മതമറിയിച്ചതോടെ മോതിരം യചാന്‍ അവളുടെ കൈവിരലില്‍ അണിയിച്ചു. പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ചു.
ലാ ചാപ്പല്ലെ അരീനയിലെയില്‍ ചുറ്റുംകൂടി നിന്നവര്‍ ഇരുവര്‍ക്കുമായി കയ്യടിച്ചു. അവര്‍ക്കായി തന്‍റെ വിവാഹ മോതിരം അവള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തു. ചൈനീസ് താരങ്ങളുടെ ഈ പ്രൊപ്പോസല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.