ഹരിയാന: യമുനാ നദിയിലെ 'വിഷം കലക്കൽ' വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. ഡൽഹിയിലെ രാജ്ഘട്ടിന് സമീപമുള്ള യമുനാ നദിയിലെ ജലം കുടിക്കാൻ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നയാബ് സിങ് സൈനി ക്ഷണിച്ചു.
'അരവിന്ദ് കെജ്‌രിവാൾ നുണകൾ പ്രചരിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. മുൻകാല തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യമുനാ നദി വൃത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പിലും അദ്ദേഹം അതേ കാര്യം തന്നെയാണ് ആവർത്തിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിലും അത് അങ്ങനെ തന്നെയായിരിക്കും. അദ്ദേഹം നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ കഴിയാത്തതിനാലാണ് ഇപ്പോൾ കെജ്‌രിവാൾ ഹരിയാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത്' എന്നും നയാബ് സിങ് സൈനി പറഞ്ഞു.
രാഷ്‌ട്രീയ താത്‌പര്യങ്ങൾക്കായി കെജ്‌രിവാൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിയാന സർക്കാർ യമുനാ നദിയിൽ വിഷം കലർത്തിയെന്ന് കെജ്‌രിവാൾ ആരോപിച്ചിരുന്നു. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി അദ്ദേഹം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഹരിയാനയിൽ നിന്നുള്ള ജലവിതരണത്തിന് ഒരു കുറവുമില്ല. അരവിന്ദ് കെജ്‌രിവാൾ രാഹുൽ ഗാന്ധിയോടൊപ്പം വന്ന് ഡൽഹിയിലെ രാജ്ഘട്ടിന് സമീപമുള്ള യമുനയിലെ വെള്ളം കുടിക്കാൻ താൻ ക്ഷണിക്കുന്നുവെന്നും നയാബ് സിങ് സൈനി പറഞ്ഞു.
യമുനാ നദിയിലെ 'വിഷം കലക്കൽ' വിവാദത്തിനെതിരെ കഴിഞ്ഞ ദിവസവും നയാബ് സിങ് സൈനി കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ചിരുന്നു. യമുനാ നദിയിലെ ജലം കുടിച്ച ശേഷമാണ് അദ്ദേഹം കെജ്‌രിവാളിന്‍റെ പരാമർശം തികച്ചും രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയുള്ളതാണെന്ന് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി നയാബ് സിങ് സൈനി യഥാർഥത്തിൽ ഒരു കവിൾ വെള്ളം കുടിച്ചതിന് ശേഷം അഭിനയിക്കുകയായിരുന്നുവെന്നും പിന്നീട് ജലം നദിയിലേക്ക് തന്നെ തിരിച്ച് ഒഴിച്ചുവെന്നും കെജ്‌രിവാൾ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഹരിയാന മുഖ്യമന്ത്രി നായാബ് സിങ് സൈനി യമുനയിലെ ജലം കുടിക്കുന്നതായി അഭിനയിച്ചു. തുടർന്ന് ആ വെള്ളം യമുനയിലേക്ക് തിരികെ ഒഴിച്ചു,' എന്ന് കെജ്‌രിവാൾ നയാബ് സിങ് സൈനിയുടെ ഒരു വീഡിയോ പങ്കിട്ട് കൊണ്ട് എക്‌സിൽ കുറിച്ചു.
ഹരിയാന സർക്കാർ ഡൽഹിയിലേക്ക് വിതരണം ചെയ്യുന്ന യമുനാ നദിയിലെ ജലത്തിൽ വിഷം കലർത്തിയെന്നാണ് കെജ്‌രിവാൾ ആരോപിച്ചത്. ഈ വിഷം കലർത്തിയ വെള്ളം ഡൽഹിയിലെ കുടിവെള്ളത്തിൽ കലർന്നിരുന്നെങ്കിൽ നിരവധി ആളുകൾ മരിക്കുമായിരുന്നു. അത് കൂട്ട വംശഹത്യയ്ക്ക് കാരണമാകുമായിരുന്നു എന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കെജ്‌രിവാൾ ഉന്നയിച്ചത്. ഫെബ്രുവരി 5നാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 8നാണ് വോട്ടെണ്ണൽ.