കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതയുടെ വീടും സ്ഥലവും ബാങ്ക് ലേലത്തിന് വച്ച് കേരള ഗ്രാമീൺ ബാങ്ക്. മീഞ്ച ബളിയാറിലെ തീർഥയ്ക്കും കുടുംബത്തിനുമാണ് ബാങ്കിൽ നിന്ന് ജപ്‌തി നോട്ടീസ് ലഭിച്ചത്. അടുത്ത മാസം പത്തിനകം അഞ്ച് ലക്ഷം രൂപയടച്ചില്ലെങ്കിൽ വീട് വിൽപന നടത്തുമെന്ന് ചൂണ്ടിക്കാട്ടി വീടിന് മുന്നിൽ ഫ്ലെക്‌സ് പതിപ്പിക്കുകയായിരുന്നു. സംഭവം വാർത്തയായതോടെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് ബാധ്യത ഏറ്റെടുത്ത് കുടുംബത്തിന് തണലായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജന്മനാ എൻഡോസൾഫാൻ ദുരിതബാധിതയായ തീർഥയുടെ ചികിത്സാ ചിലവിനായി പിതാവ് പ്രസാദാണ് 2014 ൽ മിയാപദവ് ശാഖയിൽ നിന്നും വീടിൻ്റെ ആധാരം പണയപ്പെടുത്തി രണ്ട് ലക്ഷം രൂപ ലോൺ എടുത്തത്. ഒന്നര ലക്ഷത്തിലധികം രൂപ തിരിച്ചടച്ചിരുന്നു. പിന്നീട് കൊവിഡ് കാലത്തിന് ശേഷം കഴിഞ്ഞ മൂന്നുവർഷമായി അടവ് മുടങ്ങിയിരിക്കുകയാണ്. ഇതോടെയാണ് ബാങ്ക് അധികൃതർ ജപ്‌തി നടപടികളിലേക്ക് നീങ്ങിയത്. മുതലും പലിശയുമായി അഞ്ച് ലക്ഷത്തോളം രൂപ തിരിച്ചടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതർ വീട്ടുകാരെ അറിയിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് ബാങ്ക് അധികൃതർ ഇതുസംബന്ധിച്ച് തീർഥയുടെ വീട്ടിൽ ഫ്ലെക്‌സ് കെട്ടി.
ജന്മനാ തന്നെ ശാരീരിക വെല്ലുവിളി നേരിടുന്ന തീർഥയ്ക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. ഇതിനകം തന്നെ ചികിത്സയ്ക്ക് ലക്ഷങ്ങൾ ചെലവഴിച്ചു. ഒറ്റത്തവണ തീർപ്പാക്കലിൻ്റെ ഭാഗമായി രണ്ടര ലക്ഷം രൂപ തിരിച്ചടച്ചാൽ ജപ്‌തി നടപടി ഒഴിവാക്കാമെന്നായിരുന്നു ബാങ്ക് അധികൃതരുടെ പക്ഷം. എന്നാൽ ഡ്രൈവറായ പ്രസാദിന് ഇത് ഭാരിച്ച തുകയാണ്.
ജപ്‌തി സംബന്ധിച്ച് പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഗുണമുണ്ടായില്ല. ഇതോടെയാണ് കുടുംബം മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സംഭവം വാർത്തയായതോടെ മുഴുവൻ ബാധ്യതയും ഏറ്റെടുക്കാമെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് കുടുംബത്തെ അറിയിച്ചു. തെരുവിലേക്കിറങ്ങേണ്ട സാഹചര്യത്തിൽ തുണയായ എംഎൽഎയ്ക്കും മാധ്യമങ്ങൾക്കും കുടുംബം നന്ദി അറിയിച്ചു. ജപ്‌തിയുടെ പേരിൽ ഒരു കുടുംബവും തെരുവിലേക്കിറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്ന സർക്കാർ ഉറപ്പ് നൽകുമ്പോഴാണ് എൻഡോസൾഫാൻ ബാധിതരുള്ള കുടുംബത്തോടുള്ള ബാങ്കിൻ്റെ ക്രൂരതയെന്നും ആരോപണം ഉയരുന്നുണ്ട്.
Also Read: താമരശേരി മോഷണ പരമ്പര: പൊലീസിനെ വലച്ച അന്തര്‍ സംസ്ഥാന മോഷ്‌ടാവ് പിടിയിൽ