ന്യൂഡല്‍ഹി:പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ താരങ്ങളുടെ മോശം പ്രകടനത്തിന് പിന്നാലെ തുടർച്ചയായി താരങ്ങള്‍ വിമർശനത്തിന് ഇരയാകുന്നു. ബാഡ്‌മിന്‍റണ്‍ ഇതിഹാസം പ്രകാശ് പദുകോണും ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനത്തെ വിമർശിച്ചിരുന്നു.
ഇന്ത്യൻ അത്‌ലറ്റുകൾക്ക് ലഭിച്ച ഫണ്ടിനെ കുറിച്ചുള്ള പിടിഐ റിപ്പോർട്ടിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ബാഡ്‌മിന്‍റണ്‍ താരം അശ്വിനി പൊന്നപ്പ. എച്ച്എസ് പ്രണോയ് പരിശീലനത്തിനായി 1.8 കോടി രൂപ കൈപ്പറ്റി. എന്നാൽ പ്രീക്വാർട്ടറിൽ തോറ്റ് നേരത്തെ ടൂർണമെന്‍റിൽ നിന്ന് പുറത്തായി. തനിഷ ക്രാസ്റ്റോയും അശ്വിനി പൊന്നപ്പയും ഒന്നരക്കോടി രൂപ നേടിയതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാല്‍ തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ടാഗ് ചെയ്‌തുകൊണ്ട് അശ്വിനി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. 'വസ്‌തുതകൾ ഇല്ലാതെ എങ്ങനെ ലേഖനമെഴുതും? ഈ നുണ എങ്ങനെ എഴുതാൻ കഴിയും? ഓരോരുത്തർക്കും ലഭിച്ചത് 1.5 കോടി രൂപ? ആരില്‍ നിന്നും? എന്തിന് വേണ്ടി? ഈ പണം എനിക്ക് ലഭിച്ചിട്ടില്ല. ഫണ്ടിങ്ങിനായി ഞാൻ ഒരു ഓർഗനൈസേഷന്‍റേയൊ ടോപ്‌സിന്‍റേയൊ ഭാഗമല്ല, കഴിഞ്ഞ വർഷം നവംബർ വരെ ടൂർണമെന്‍റിനായി ഞാൻ സ്വയം ഫണ്ട് ചെയ്‌തു, അതിനുശേഷം ടീമിൽ ചേരാൻ തയ്യാറായതിനാൽ ഇന്ത്യൻ ടീമിനൊപ്പം അയച്ചു. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിച്ചു.പാരീസ് ഗെയിംസിന് യോഗ്യത നേടിയതിന് ശേഷമാണ് എന്നെ ടോപ്‌സ് സ്‌കീമിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയതെന്ന് താരം വ്യക്തമാക്കി.
നേരത്തെ ഇന്ത്യൻ ഷട്ടിൽ താരങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള പ്രകാശ് പദുക്കോണിന്‍റെ അഭിപ്രായത്തോട് പ്രതികരിച്ച അശ്വിനി അത്ലറ്റുകളുടെ തോൽവിക്ക് പരിശീലകരും ഉത്തരവാദികളായിരിക്കുമെന്ന് പറഞ്ഞിരുന്നു.
Also Read:ഒളിമ്പിക്‌സിൽ കൂടുതൽ മെഡലുകൾ നേടുന്നതാണ് ലക്ഷ്യമെന്ന് ഷൂട്ടര്‍ മനു ഭാക്കർ - PARIS OLYMPICS 2024