സമീപകാലത്ത് ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ മികച്ച ബാറ്റര്‍മാരില്‍ ഒരാളായി വളര്‍ന്നുവരികയാണ് സഞ്ജു സാംസൺ. ഇന്ത്യയ്ക്കായി തന്‍റെ അവസാന ആറ് ടി20 ഇന്നിങ്സുകളിൽ മൂന്ന് സെഞ്ച്വറികൾ നേടിയ താരം മികച്ച ഫോമിലാണ്. ടി20യിലെ സ്‌ഫോടനാത്മക ബാറ്റിങ് പ്രകടനമാണ് സഞ്ജുവിനെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ സഞ്ജു സാംസൺ മികച്ച തുടക്കം കുറിച്ചെങ്കിലും അത് തുടരാൻ കഴിഞ്ഞില്ല. 130 സ്ട്രൈക്ക് റേറ്റിൽ 20 പന്തിൽ 4 ഫോറുകളും ഒരു സിക്‌സറും ഉൾപ്പെടെ 26 റൺസാണ് താരം നേടിയത്.
അതേസമയം, 2024 ടി20 ലോകകപ്പിന് ശേഷം ടി20 മത്സരങ്ങളിൽ നിന്ന് വിരാട് കോലി വിരമിച്ചിരുന്നു. ടി20 ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരനായാണ് കിങ് കോഹ്‌ലി കളംവിട്ടത്. 2022 ലെ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെയും 2024ലെ ഫൈനലിലും കോലി മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു.
ഒരുകാലത്ത് മോശം പ്രകടനങ്ങൾ കാരണം ടീമിൽ സ്ഥാനം നിലനിർത്താൻ പാടുപെട്ടിരുന്ന സഞ്ജു സാംസൺ, സമീപകാലത്ത് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റില്‍ ഏത് ബൗളര്‍മാരെയും പവര്‍ ഹിറ്റിങ്ങിലൂടെ തകര്‍ക്കാൻ കഴിയുമെന്നതാണ് സഞ്ജുവിന്‍റെ പ്രത്യേകത.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടി20 ഫോര്‍മാറ്റില്‍ കോലിയാണോ, അതോ സഞ്ജുവാണോ മികച്ച താരമെന്നത് സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ നമുക്ക് പരിശോധിക്കാം. ഇന്ത്യയ്‌ക്കായി കളിച്ച ആദ്യ 38 ടി20 ഇന്നിങ്‌സുകളുടെ അടിസ്ഥാനത്താനത്തില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ താരതമ്യം ചെയ്യാം.
'പവര്‍ ഹിറ്റര്‍', സഞ്ജുവിന്‍റെ പ്രകടനം ഇങ്ങനെ
2015ൽ ഹരാരെയിൽ നടന്ന രണ്ടാം ടി20യിൽ സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസൺ അരങ്ങേറ്റം കുറിച്ചത്. ഏഴാം നമ്പറിൽ ബാറ്റ് ചെയ്‌ത താരം 24 പന്തിൽ നിന്ന് വെറും 19 റൺസ് മാത്രമാണ് നേടിയത്. തന്‍റെ ടി20 കരിയറിൽ ഇതുവരെ 38 മത്സരങ്ങളാണ് താരം കളിച്ചത്. ഇതിൽ 34 മത്സരങ്ങളില്‍ ബാറ്റ് ചെയ്‌ത അദ്ദേഹം 27.86 ശരാശരിയിലും 154.24 സ്ട്രൈക്ക് റേറ്റിലും 836 റൺസ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും താരത്തിന് നേടാനായി.
2024 ഒക്‌ടോബറിൽ ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെ 74 പന്തിൽ നിന്ന് 111 റൺസ് സഞ്ജു നേടിയിരുന്നു, ടി20 ഫോർമാറ്റിലെ താരത്തിന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണ് ഇത്. അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റുള്ള താരത്തിന് സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചവയ്‌ക്കാൻ സമയമെടുത്തിരുന്നു.
ടി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ബാറ്റര്‍ രോഹിത് ശര്‍മയാണ്, 151 ഇന്നിങ്‌സുകളില്‍ നിന്ന് 5 സെഞ്ച്വറികളാണ് താരം കുറിച്ചത്. എന്നാല്‍ വെറും 34 ഇന്നിങ്‌സുകളില്‍ നിന്ന് 3 സെഞ്ച്വറികള്‍ കുറിക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് സെഞ്ച്വറി കൂടി കുറിച്ചാല്‍ ഇന്ത്യയ്‌ക്ക് വേണ്ടി ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഹിറ്റ്‌മാന്‍റെ റെക്കോഡിനൊപ്പം എത്താൻ സഞ്ജുവിന് കഴിയും.
സ്ഥിരതയോടെയുള്ള പ്രകടനവുമായി കിങ് കോലി, കണക്കുകള്‍ ഇങ്ങനെ
38 ടി20 മത്സരങ്ങൾക്ക് ശേഷമുള്ള വിരാട് കോലിയുടെ കണക്കുകൾ പരിശോധിക്കാം. 2024 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച വിരാട് കോലി 125 മത്സരങ്ങൾ കളിച്ചു. 48.69 ശരാശരിയും 137.04 സ്ട്രൈക്ക് റേറ്റും ഉൾപ്പെടെ 4188 റൺസ് താരം നേടിയിട്ടുണ്ട്.
ഇതിൽ ഒരു സെഞ്ച്വറിയും 38 അർധസെഞ്ച്വറിയും ഉൾപ്പെടുന്നു. 2010 ൽ ഹരാരെയിൽ സിംബാബ്‌വെയ്‌ക്കെതിരെ ടി20യിൽ കോലി അരങ്ങേറ്റം കുറിച്ചു. ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചപ്പോൾ കോലി പുറത്താകാതെ 26 റൺസ് നേടി. തന്‍റെ ആദ്യ 38 മത്സരങ്ങൾ (2010 - 2016) നോക്കുമ്പോൾ, 52.61 എന്ന മികച്ച ശരാശരിയിൽ 1368 റൺസ് അദ്ദേഹം നേടി. ഈ കാലയളവിൽ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ലെങ്കിലും, കോലിക്ക് 13 അർധസെഞ്ച്വറികൾ നേടാൻ കഴിഞ്ഞു.
ഈ കാലയളവിൽ, 2016 ൽ അഡ്‌ലെയ്‌ഡില്‍ നടന്ന രണ്ടാം ടി20യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 90 റൺസ് എന്നത് അദ്ദേഹത്തിന്‍റെ ഏറ്റവും ഉയർന്ന സ്‌കോർ ആയിരുന്നു. ആദ്യ 38 ടി20 ഇന്നിങ്സുകൾ പരിശോധിക്കുകയാണെങ്കില്‍ (സ്കോർ ചെയ്‌ത റൺസ്, സ്ട്രൈക്ക് റേറ്റ്, അർധ സെഞ്ച്വറികളുടെ എണ്ണം) എന്നിവയുടെ അടിസ്ഥാനത്തില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവയ്‌ക്കാൻ കോലിക്ക് കഴിഞ്ഞു. എന്നാല്‍ സെഞ്ചുറിയുടെ എണ്ണത്തില്‍ സഞ്ജുവാണ് മുന്നില്‍, ഏതു ബൗളര്‍മാരെയും പവര്‍ ഹിറ്റിങ്ങിലൂടെ തകര്‍ക്കാനുള്ള കഴിവും സഞ്ജുവിന് ഉണ്ട്.