ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പിൽ ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനെ 54 റണ്‍സിന് ന്യൂസിലന്‍ഡ് തോല്‍പിച്ചു. പാകിസ്ഥാന് മുമ്പില്‍ 111 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ കിവീസ് 56 റണ്‍സിന് അവരെ എറിഞ്ഞിട്ടു. ഇതോടെ ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്തായി.
പാകിസ്ഥാന്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി സാധ്യതയുണ്ടായിരുന്നു. അതിനാല്‍ ഇന്നലത്തെ മത്സരത്തിൽ പാകിസ്ഥാൻ ജയിക്കണമെന്നായിരുന്നു ഹർമൻപ്രീത് കൗറും കൂട്ടരും ആഗ്രഹിച്ചിരിക്കുക. മത്സരത്തിൽ മോശം ഫീൽഡിങ് കാഴ്‌ചവെച്ച പാകിസ്ഥാൻ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. പാകിസ്ഥാന്‍റെ ദയനീയ തോൽവിയുടെ ഫലം ഇന്ത്യൻ ടീമിനും അനുഭവിക്കേണ്ടി വന്നു.
പാകിസ്ഥാൻ നഷ്‌ടപ്പെടുത്തിയത് എട്ട് ക്യാച്ചുകള്‍
ഫീൽഡിങ് സമയത്ത് പാകിസ്ഥാന്‍ എട്ട് ക്യാച്ചുകൾ ഉപേക്ഷിക്കുകയും രണ്ട് റണ്ണൗട്ടുകൾ നഷ്ടപ്പെടുത്തുകയും ചെയ്‌തു. അതിൽ നാലെണ്ണം ക്യാപ്റ്റൻ ഫാത്തിമ സനയാണ് ഉപേക്ഷിച്ചത്. 4.2, 5.2, 7.3, 15.5, 17.2, 19.1, 19.3, 19.5 ഓവറുകളിൽ ടീം ക്യാച്ചുകൾ നഷ്‌ടപ്പെടുത്തി. 111 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ പാക്കിസ്ഥാന്‍റെ ബാറ്റിങ്ങും വളരെ മോശമായിരുന്നു. അവർക്ക് തുടർച്ചയായാണ് വിക്കറ്റുകൾ നഷ്ടപ്പെട്ടത്. ഇതോടെ മുഴുവൻ ടീമും വെറും 56 റൺസിന് തകർന്നു. ഇത് ടൂർണമെന്‍റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ്.